ടെസ്റ്റിനും ഏകദിന പരമ്പരക്കും ശേഷം വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്കാണ് ഇന്ത്യ കോപ്പുകൂട്ടുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ അരങ്ങേറും.
ഇന്ത്യ ടി-20 പരമ്പരക്കിറങ്ങുമ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം കാത്തിരിക്കുന്നത് സഞ്ജുവിന്റെ പ്രകടനത്തിനാണ്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച സഞ്ജുവിന് ആദ്യ ടി-20യില്‍ അവസരം ലഭിക്കുമെന്നും താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ടി-20 പരമ്പരക്കിറങ്ങുമ്പോള്‍ ഒരു റെക്കോഡും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്. വെറും 21 റണ്‍സ് കൂടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.
നിലവില്‍ 5,979 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. വരും മത്സരങ്ങളില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന 61ാമത് താരമാകാനും 13ാമത് ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും.
വിരാട് കോഹ്‌ലി (11,965), രോഹിത് ശര്‍മ (11,035), ശിഖര്‍ ധവാന്‍ (9,645), സുരേഷ് റെയ്ന (8,654), റോബിന്‍ ഉത്തപ്പ (7,272), എം.എസ്. ധോണി (7,271), ദിനേഷ് കാര്‍ത്തിക് (7,081), കെ.എല്‍. രാഹുല്‍ (7,066), മനീഷ് പാണ്ഡേ (6,810), സൂര്യകുമാര്‍ യാദവ് (6,503), ഗൗതം ഗംഭീര്‍ (6,402), അംബാട്ടി റായിഡു (6028) എന്നിവര്‍ക്ക് ശേഷം ടി-20യില്‍ 6,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡിലേക്കാണ് സഞ്ജു കാലെടുത്ത് വെയ്ക്കാനൊരുങ്ങുന്നത്.
സൂപ്പര്‍ താരം അംബാട്ടി റായിഡുവാണ് പട്ടികയില്‍ അവസാനം ഇടം പിടിച്ചത്. ഐ.പി.എല്‍ 2023ലാണ് അംബാട്ടി റായിഡും ഈ എലീറ്റ് ലിസ്റ്റില്‍ ഇടം നേടിയത്.
2011ലാണ് സഞ്ജു ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറിയത്. ഇതുവരെ കളിച്ച 241 മത്സരത്തിലെ 234 ഇന്നിങ്സില്‍ നിന്നുമാണ് സഞ്ജു റണ്‍സ് നേടിയിരിക്കുന്നത്.
28.60 എന്ന ശരാശരിയിലും 133.07 എന്ന സ്ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. 483 ബൗണ്ടറിയും 264 സിക്സറുമാണ് 12 വര്‍ഷത്തെ ടി-20 കരിയറില്‍ സഞ്ജു സ്വന്തമാക്കിയത്.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, യശസ്വി ജെയ്സ്വാള്‍, അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്
റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്സ് (വൈസ് ക്യാപ്റ്റന്‍), ജോണ്‍സണ്‍ ചാള്‍സ്, റോസ്ടണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, ഒബെഡ് മക്കോയ്, നിക്കോളാസ് പൂരന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്, ഒഷാന തോമസ്.
Content highlight: If he gets 21 more runs, Sanju can complete 600 runs in T20Is