| Thursday, 5th January 2023, 11:41 am

നന്നായി കളിച്ചില്ലെങ്കിൽ എടുത്ത് ടീമിന് വെളിയിലിടും; താരത്തിന് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരക്ക് ശേഷം  ശ്രീലങ്കയോടുള്ള ടി 20 പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ വിജയിച്ചു . അവസാന ഓവർ വരെ ആവേശത്തിലും സസ്പെൻസിലും മുന്നേറികൊണ്ടിരുന്ന മത്സരത്തിൽ രണ്ട് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

ടീമിലെ പല വമ്പന്‍ പേരുകാരും നിരാശപ്പെടുത്തിയപ്പോള്‍ യുവതാരങ്ങളാണ് ഇന്ത്യയെ തുണച്ചത്. സൂര്യകുമാര്‍ യാദവ് അടക്കമുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ പരാജയമായപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് തുണയായത്.

ബൗളിങ്ങിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ചഹല്‍ അടക്കമള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ യുവതാരം ഉമ്രാന്‍ മാലിക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശിവം മാവിയും തകര്‍ത്തെറിഞ്ഞു.

എന്നാൽ ലങ്കക്കെതിരെയുള്ള മത്സരത്തിൽ ഏറ്റവും നിരാശപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചത് സൂപ്പർ താരം ഹർഷൽ പട്ടേലായിരുന്നു.
നാല് ഓവര്‍ പന്തെറിഞ്ഞ് 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. 10.25 ആണ് എക്കോണമി.

2022ല്‍ ടി-20 ഫോര്‍മാറ്റില്‍ 9.39 എന്ന ഏറ്റവും മോശം എക്കോണമി റേറ്റുള്ള ബൗളറായാണ് ഹര്‍ഷല്‍ തലകുനിച്ചുനിന്നത്. എന്നാല്‍ അതില്‍ നിന്നും ഒരു മാറ്റവും താരത്തിന് വന്നിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഹര്‍ഷല്‍ നടത്തിയത്.

മത്സരത്തിൽ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചതോടെ താരത്തിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റീതീന്ദര്‍ സിങ്‌ സോധി. ടി-20 മത്സരങ്ങളിൽ നാൽപ്പത് റണ്ണോളം വഴങ്ങു ന്നതാണ് താരത്തിന് മുന്നറിയിപ്പ് നൽകാൻ സോധിയെ പ്രേരിപ്പിച്ചത്.

മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 19 ഓവർ പിന്നിട്ട് നിൽക്കുമ്പോൾ 16 റൺസായിരുന്നു ഹർഷൽ വഴങ്ങിയത്. ഹർഷലിന്റെ ഈ മോശം പ്രകടനം ഒരു വേള ഇന്ത്യയെ പരാജയത്തിന്റെ വക്ക് വരെ എത്തിച്ചിരുന്നു.

‘ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അടിയേറ്റിട്ടും ഒരേ ലൈനിലും ലെങ്തിലും അദ്ദേഹം പന്തെറിയുന്നു,’ സോധി പറഞ്ഞു.

കൂടാതെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയില്ലെങ്കിൽ ടീമിന് പുറത്ത് പോകാൻ തയാറായിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ഹര്‍ഷല്‍ മാത്രമല്ല സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലും നിരാശയാണ് സമ്മാനിച്ചത്. രണ്ട് ഓവറില്‍ 26 റണ്‍സാണ് ചഹല്‍ വഴങ്ങിയത്. 13 ആണ് താരത്തിന്റെ എക്കോണമി. മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും  അടിവാങ്ങിക്കൂട്ടിയിരുന്നു.

അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കുകയും അഞ്ച്, ആറ് പന്തുകളില്‍ രണ്ട് റണ്ണൗട്ടുകളും പിറന്നതോടെ ഇന്ത്യ രണ്ട് റണ്‍സിന് വിജയിക്കുകയായിരുന്നു.

ഫൈനല്‍ സ്‌കോര്‍

ഇന്ത്യ: 162/5 (20)
ശ്രീലങ്ക: 160 (20)

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി അഞ്ചിനാണ് പരമ്പരയിലെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Conent Highlighs:If he does not play well, he will be taken out of the team; The former Indian player warned harshal patel

We use cookies to give you the best possible experience. Learn more