| Sunday, 14th March 2021, 1:44 pm

സീറ്റ് കിട്ടിയില്ലെങ്കില്‍ കെ. ബാബു ബി.ജെ.പിയില്‍ ചേരാന്‍ ധാരണയിലെത്തിയിരുന്നു; തൃപ്പൂണിത്തുറയില്‍ ബാബുവിന് സീറ്റു നല്‍കിയതിനെതിരെ ഐ ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഐ ഗ്രൂപ്പില്‍ പ്രതിഷേധം. ബാബുവിനെതിരെ പരസ്യ പ്രതിഷേധവുമായി കൊച്ചിയില്‍ ഐ ഗ്രൂപ്പ് രംഗത്തെത്തി.

തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കെ. ബാബു ബി.ജെ.പിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് കെ.പി.സി.സി അംഗം എ.ബി സാബു, മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍ എന്നിവര്‍ ആരോപിക്കുന്നത്.

കെ. ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കൊണ്ടുള്ള ഗുണം ബി.ജെ.പിക്കാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. കെ ബാബു സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകുമെന്നും ബാബുവിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ബാര്‍ കോഴ കേസില്‍ കെ. ബാബു കുറ്റവിമുക്തനായിട്ടില്ലെന്നും കുറ്റ വിമുക്തനായെന്ന ബാബുവിന്റെ അവകാശവാദം തെറ്റാണെന്നും ഇവര്‍ പറയുന്നു.

ബാര്‍ കോഴ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്നും അഴിമതി ആരോപണം നേരിട്ട ഒരു വ്യക്തിക്ക് വേണ്ടി മാത്രം സീറ്റ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലുള്ളത് സാമ്പത്തിക താത്പര്യങ്ങളാണെന്നും യു.ഡി.എഫിന് ഉണ്ടായ അനുകൂല രാഷ്ട്രീയ സാഹചര്യം ഇല്ലാതാക്കിയെന്നും തൃപ്പൂണിത്തുറയില്‍ വിജയിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ കെ.ബാബു തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബാബുവിന് വേണ്ടി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റില്‍ ശക്തമായി സമ്മര്‍ദ്ദം ചെലത്തിയിട്ടുണ്ടെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് കെ. ബാബുവും ശരിവെക്കുന്നു.

ഉമ്മന്‍ചാണ്ടി തനിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ കാരണം താന്‍ ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും അല്ലാതെ അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയതുകൊണ്ടല്ലെന്നും ബാബു പ്രതികരിച്ചു.

‘ഉമ്മന്‍ചാണ്ടി സ്വാഭാവികമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടല്ലോ, കാരണം ഉമ്മന്‍ചാണ്ടി ഞങ്ങളെപ്പോലെയുള്ള ആളുകളെ പിന്താങ്ങുന്നത് സ്വാഭാവികമല്ലേ.ഞങ്ങളൊക്കെ ശ്രീ ഉമ്മന്‍ചാണ്ടിക്കൊപ്പം എന്നും ഏതുകാര്യത്തിനും ഉറച്ചുനിന്നതാണ്,” കെ.ബാബു പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവില്ലെന്നും കേസുകളെല്ലാം അവസാനിച്ചതാണെന്നും ബാര്‍ക്കോഴകേസിന്റെ കാര്യംസൂചിപ്പിച്ച് ബാബു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: If he does not get a seat, K. Babu had agreed to join the BJP; I group against K Babu

We use cookies to give you the best possible experience. Learn more