ലഖ്‌നൗ: അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാജ്‌വാദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക് രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി നല്‍കിയതെന്നും എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയതായും മോദി പറഞ്ഞു.
ജോലി നല്‍കുമെന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘പ്രതിപക്ഷ പാര്‍ട്ടികള്‍ ജോലിയുടെ പേരില്‍ സംസ്ഥാനത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വീണ്ടും ശ്രമിക്കുകയാണ്. 10 വര്‍ഷത്തിനുള്ളില്‍ സമാജ്‌വാദി സര്‍ക്കാര്‍ രണ്ട് ലക്ഷം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി നല്‍കിയെന്നതാണ് സത്യം. അതും സ്വജനപക്ഷപാതത്തിന്റെയും ജാതീയതയുടേയും അഴിമതിയുടേയും അടിസ്ഥാനത്തില്‍,” പ്രയാഗ്‌രാജില്‍ റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ നല്‍കിയ ജോലികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും പകരം ദരിദ്രരുടെ കുട്ടികള്‍ക്ക് പൂര്‍ണ സുതാര്യതയോടെയാണ് ജോലികള്‍ നല്‍കിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ജോലി നല്‍കുന്ന പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും സെലക്ഷന്‍ കമ്മീഷനുകളില്‍ വ്യവസായികളെ നിയമിച്ചുകൊണ്ട് സംസ്ഥാനത്തെ അര്‍ഹരായ യുവാക്കളുടെ ജീവിതം തകര്‍ക്കുകയാണ് അവര്‍ ചെയ്തതെന്നും മോദി ആരോപിച്ചു.
‘നേരത്തെ, ഉത്തര്‍പ്രദേശിലെ പി.സി.എസ് പരീക്ഷയുടെ സിലബസ് യു.പി.എസ്.സിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ ഇവിടുത്തെ യുവാക്കളുടെ പ്രശ്നം മനസ്സിലാക്കി, യു.പി. പി.സി.എസിന്റെയും യു.പി.എസ്.സിയുടെയും സിലബസ് ഒന്നുതന്നെയാക്കി. ഇപ്പോള്‍ ഒരേ പ്രയത്‌നത്തിലൂടെ മാത്രമേ യുവാക്കള്‍ക്ക് രണ്ട് പരീക്ഷകളും വിജയിക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ സ്വകാര്യമേഖലയില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് ജോലി നല്‍കിയിട്ടുണ്ടെന്നായിരുന്നു യോഗി ആദ്യനാഥ് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നത്.
സംസ്ഥാനത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളുയര്‍ത്തിയാണ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്ത് അഭ്യസ്ഥവിദ്യരായവര്‍ക്കടക്കം എല്ലാവര്‍ക്കും തൊഴില്‍ നല്‍കുമെന്നായിരുന്നു എസ്.പിയുടെ വാഗ്ദാനം.
തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പി ക്യാമ്പ് ആത്മവിശ്വാസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 27 ന് ഉത്തര്‍പ്രദേശില്‍ നടക്കുന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദി പ്രയാഗ്‌രാജില്‍ റാലി സംഘടിപ്പിച്ചത്.
403 അസംബ്ലി സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ നാല് റൗണ്ടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10, 14, 20, 23 തീയതികളിലായാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.
അവസാന മൂന്ന് ഘട്ടങ്ങളിലെ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ്.
Content Highlights: If he comes to power, the government will provide jobs to five lakh people in Uttar Pradesh: Modi