| Saturday, 25th November 2023, 4:25 pm

സംഭവിച്ചാല്‍ ചരിത്രത്തിലെ മൂന്നാമന്‍; അശ്വിനും രഹാനെക്കും ശേഷം ഇനി പാണ്ഡ്യ?

സ്പോര്‍ട്സ് ഡെസ്‌ക്

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് ചേക്കാറാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. തങ്ങളുടെ ആദ്യ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെയെത്തിക്കുകയും ചെയ്ത പാണ്ഡ്യ ടീം വിടുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ജി.ടി ആരാധകര്‍ കേട്ടത്.

എന്നാല്‍ പാണ്ഡ്യ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചുവരുന്നതില്‍ മുംബൈ ആരാധകരും ഹാപ്പിയാണ്. ഹര്‍ദിക്കിനോടുള്ള ദേഷ്യമെല്ലാം മാറ്റിവെച്ച് ഹര്‍ദിക്കിനൊപ്പം അടുത്ത കിരീടമാണ് മുംബൈ ലക്ഷ്യം വെക്കുന്നത്.

ട്രേഡിങ്ങിലൂടെ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലെത്തിയേക്കുമെന്നാണ് ഇ.എസ്.പി.എന്‍. ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 കോടിക്കാണ് കരാര്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ ട്രേഡിങ് പൂര്‍ത്തിയാകുകയാണെങ്കില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ക്യാപ്റ്റനായിരിക്കെ ടീം മാറുന്ന മൂന്നാമത് താരം എന്ന റെക്കോഡ് ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തും. ആര്‍. അശ്വിനും അജിന്‍ക്യ രഹാനെയുമാണ് ഇതിന് മുമ്പ് ക്യാപ്റ്റനായിരിക്കെ ടീം മാറിയ മറ്റ് താരങ്ങള്‍.

2019ല്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരിക്കവെയാണ് അശ്വിന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക് ചുവടുമാറ്റുന്നത്. തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെയും ഇത്തരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക് തട്ടകം മാറിയിരുന്നു.

അതേസമയം, ഹര്‍ദിക് പാണ്ഡ്യയുടെ ടീം മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും നിലനില്‍ക്കവെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ഹര്‍ദിക് മുംബൈയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം കേട്ടു എന്നല്ലാതെ ഒരു ഉറപ്പും ഇക്കാര്യത്തില്‍ വന്നിട്ടില്ല. ഹര്‍ദിക്കിന് ടീം വിടണമെന്നാണെങ്കില്‍ തങ്ങളുടെ ആദ്യ സീസണില്‍ കപ്പടിക്കുകയും രണ്ടാം സീസണില്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്ത ടൈറ്റന്‍സ് അവനെ റിലീസ് ചെയ്യും.

മുംബൈ ഇന്ത്യന്‍സിലെത്തിയാല്‍ അവന്‍ ടീമിന്റെ ക്യാപ്റ്റനാകുമോ? അഥവാ ക്യാപ്റ്റനാകില്ല എന്നാണെങ്കില്‍ പിന്നെന്തിന് അവിടേക്ക് പോകണം?,’ ചോപ്ര ചോദിക്കുന്നു.

രോഹിത് ശര്‍മ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാകുമോ എന്ന അഭ്യൂഹത്തിലും ചോപ്ര പ്രതികരിച്ചു.

‘ഇതിനെ കുറിച്ചുള്ള മുഴുവന്‍ കഥയും ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കും എന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കും എന്ന കാര്യം എനിക്കുറപ്പാണ്.

ഹര്‍ദിക് പോകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പാണ്. പക്ഷേ രോഹിത് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോകുമോ? അതിന് എന്തെങ്കിലും സാധ്യതകളുണ്ടോ? അക്കാര്യത്തില്‍ എനിക്കുറപ്പില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: If Hardik Pandya traded to Mumbai Indians, he will be the 3rd player to be traded while being captain

We use cookies to give you the best possible experience. Learn more