| Saturday, 30th March 2024, 5:05 pm

ഗവര്‍ണര്‍മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റിയാല്‍ ഹരജികളുടെ എണ്ണം കുറയും; ജസ്റ്റിസ് ബി.വി. നാഗരത്‌ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഗവര്‍ണര്‍മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചാല്‍ ഹരജികളുടെ എണ്ണം കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഒരു നിയമ സര്‍വകലാശാലയിലെ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളവും തമിഴ്‌നാടും ഉള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ കോടതിയെ സമീപിച്ചതിനിടെയാണ് സുപ്രീം കോടതി ജഡ്ജി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

‘ഭരണഘടനാപരമായി ഒരു വലിയ പദവിയാണ് ഗവര്‍ണറുടേത്. അതുകൊണ്ട് തന്നെ അതിനൊത്തുള്ള പ്രവര്‍ത്തനത്തിലേക്ക് ഗവര്‍ണര്‍മാര്‍ ഉയരണം. ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍മാര്‍ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നേരാവണ്ണം ചെയ്താല്‍ കോടതികളില്‍ ഇത് സംബന്ധിച്ച് ഹരജികള്‍ എത്തുന്നത് കുറയും,’ ബി.വി. നാഗരത്‌ന പറഞ്ഞു.

കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നല്‍കിയ ഹരജി ഇപ്പോഴും സുപ്രീം കോടതിയില്‍ തുടരുകയാണ്. അടുത്തിടെ പഞ്ചാബ് സര്‍ക്കാരിന്റെ ഹരജിയില്‍ ഗവര്‍ണറുടെ നടപടിയെ സുപ്രീം കോടതി വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. അതുപോലെ തന്നെ തെലങ്കാന, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അതിനിടെ, രാജ്യത്തെ ഭരണ സംവിധാനത്തെ വിമര്‍ശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആര്‍ ഗവായ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭരണ സംവിധാനം അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോടതി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: If governors fulfill their responsibility, the number of petitions will decrease; Justice B.V. Nagaratna

We use cookies to give you the best possible experience. Learn more