ന്യൂദല്‍ഹി: ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി. സര്‍ക്കാരിന് മൂന്നു മണിക്കൂര്‍ സമയം മാറ്റി വെക്കാനായില്ലെങ്കില്‍ അവാര്‍ഡ് നല്‍കാന്‍ ബുദ്ധിമുട്ടേണ്ടതില്ല. ഞങ്ങളുടെ അദ്ധ്വാനത്തിന്റെ 50 ശതമാനവും നിങ്ങള്‍ വിനോദനികുതിയായി എടുക്കുന്നു. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയെങ്കിലും നിങ്ങള്‍ക്ക് ബഹുമാനിക്കാമായിരുന്നു. പൂക്കുട്ടി ട്വീറ്റ് ചെയ്തു.
11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കും സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുകയെന്ന വിവാദ തീരുമാനത്തില്‍ 68 കലാകാരന്മാരാണ് ഇന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് യേശുദാസും ജയരാജും അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പാര്‍വതി, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാളത്തിലെ മറ്റു സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയാണുണ്ടായത്.
അതേസമയം അവാര്‍ഡ് ഒരുവിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നാണ് സംവിധായകന്‍ ജയരാജ് പ്രതികരിച്ചത്. ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന അവാര്‍ഡ് തുക തിരിച്ച് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാര്‍വതി വിശദീകരിച്ചു. പിന്നീട് സംഭവച്ചത് എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂവെന്ന് നടി പാര്‍വ്വതിയും പറഞ്ഞിരുന്നു.
നേരത്തെ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയിലും രംഗത്ത് വന്നിരുന്നു. ആത്മാഭിമാനം അടിയറവ് വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും സിബി മലയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
If the Govt.Of India cannot earmark three houres if it’s time, they should not bother us giving us #NationalAward. More than 50%of our sweat you take it as entertainment tax,the least you could do is respect the values we hold dear!
— resul pookutty (@resulp) May 3, 2018