ന്യൂദല്‍ഹി: സൈന്യത്തില്‍ പുരുഷന് നല്‍കുന്ന അതേ പ്രധാന്യം സ്ത്രീകള്‍ക്ക് നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും എന്നാല്‍ സ്ത്രീകള്‍ക്ക് അതില്‍ താത്പര്യമില്ലെന്നും ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്.
യുദ്ധരംഗത്ത് ഇറങ്ങാനൊന്നും സ്ത്രീകള്‍ തയ്യാറാവില്ല. കുട്ടികളുടെ കാര്യമാണ് അവര്‍ അസൗകര്യമായി പറയുന്ന ഒരു പ്രധാന കാര്യം. മാത്രമല്ല വസ്ത്രം മാറുന്ന വേളയില്‍ പുരുഷ ജവാന്‍മാര്‍ ഒളിഞ്ഞു നോക്കുമെന്ന ആരോപണം വരെ ഉയര്‍ന്നേക്കാം- ബിപിന്‍ റാവത്ത് പറയുന്നു.
യുദ്ധരംഗത്ത് ഉള്‍പ്പെടെ സൈന്യത്തിന്റെ മുന്‍നിരയിലേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. സൈന്യത്തിലെ മിക്ക ജവാന്‍മാരും ഗ്രാമത്തില്‍ നിന്നും ഉള്ളവരായിരിക്കില്ല. അതുകൊണ്ട് തന്നെ ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് താത്പര്യപ്പെടാത്തവരും അക്കൂട്ടത്തില്‍ കാണും.
ഇത് മാത്രമല്ല സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കേണ്ടി വരും. ഒരു കമാന്‍ഡിങ് ഓഫീസറായിരിക്കുന്ന വ്യക്തിക്ക് ഒരിക്കലും ആറ് മാസക്കാലം ലീവ് നല്‍കാന്‍ കഴിയില്ല. ലീവ് നിഷേധിച്ചാല്‍ അതും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. – ബിപിന്‍ റാവത്ത് പറയുന്നു.
സൈന്യത്തില്‍ മിടുക്കരായ നിരവധി വനിതകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആര്‍മി അംഗീകരിക്കാത്തത് എന്ന ചോദ്യത്തിന് അത് തെറ്റായ ധാരണ മാത്രമാണ് എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ മറുപടി.
ആര്‍മിയില്‍ വനിതാ എഞ്ചിനിയര്‍മാരുണ്ട്. അവര്‍ മൈനിങ്ങും ഡിമൈനിങ്ങും ചെയ്യുന്നു. എയര്‍ ഡിഫന്‍സിന്റെ കാര്യം നോക്കിയാല്‍ അവരാണ് ആയുധകാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അവരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ട്.
കാരണം കാശ്മീര്‍ പോലുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. തീവ്രവാദികളുമായിട്ടായിരിക്കാം നമുക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. അവിടെ വെടിവെപ്പുകളും സ്‌ഫോടനങ്ങളും നടക്കും. കമ്പനി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടാം കമാന്‍ഡിങ് ഓഫീസര്‍മാര്‍ കൊല്ലപ്പെടാം. വനിതകളാണെങ്കിലും അവര്‍ കൊല്ലപ്പെടും. അല്ലെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കും.
ഏഴോ എട്ടോ വര്‍ഷത്തെ സര്‍വീസിന് ശേഷമായിരിക്കും അവര്‍ വീരമൃത്യു വരിക്കുന്നത്. ഒന്നോ രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ അവര്‍ക്ക് ഉണ്ടാകാം. അവര്‍ ദല്‍ഹിയിലോ ചണ്ഡീഗഡിലോ ആണെങ്കില്‍ കുടുംബമായിരിക്കും കുഞ്ഞുങ്ങളെ നോക്കേണ്ടി വരിക. ഇതെല്ലാം പരിഗണിക്കേണ്ടിയിരിക്കും.
എന്നുവെച്ച് കുഞ്ഞുങ്ങളുള്ള അമ്മമാര്‍ മരണപ്പെടുന്നില്ല എന്നല്ല ഞാന്‍ പറയുന്നത്. ഒരു ആക്‌സിഡന്റില്‍ അമ്മമാര്‍ മരണപ്പെട്ടേക്കാം. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു വനിതാ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട് അവരുടെ മൃതദേഹം പൊതിഞ്ഞുകൊണ്ടുവരുന്ന കാഴ്ച കാണാന്‍ ഈ രാജ്യം ആഗ്രഹിക്കുന്നില്ലെന്നാണ് തോന്നുന്നത്- ബിപിന്‍ റാവത്ത് പറഞ്ഞു.
മാത്രമല്ല യുദ്ധരംഗത്തൊന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മുറികളോ സജീകരണങ്ങളോ നല്‍കാന്‍ കഴിയില്ല. വസ്ത്രം മാറുമ്പോള്‍ ചിലര്‍ ഒഴിഞ്ഞു നോക്കുന്നു എന്ന പരാതിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ അതിന് വേറെ സജീകരണങ്ങള്‍ വരെ ഒരുക്കേണ്ടി വരുമെന്നും ബിപിന്‍ റാവത്ത് പറയുന്നു.