ന്യൂദൽഹി: വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോഡ.
ഇന്ത്യയുടെ വിധി എന്തായിരിക്കുമെന്ന് തീരുമാനിക്കുന്നതാണ് തെരഞ്ഞെടുപ്പ് എന്നും വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സാം പിത്രോഡ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി (ഇ.വി.എം) ബന്ധപ്പെട്ട ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ പല പ്രാവശ്യം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇ.വി.എമ്മിൽ തിരിമറി നടക്കുന്നുണ്ടെന്ന് നിരന്തരം ആരോപണം ഉന്നയിക്കാറുണ്ട്.
വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വി പാറ്റ് സ്ലിപ്പുകൾ നൂറ് ശതമാനം ഉറപ്പാക്കണമെന്നും ബോക്സുകളിൽ വീഴുന്നതിന് പകരം അവ വോട്ടർമാർക്ക് നൽകണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി. ലോകുർ അധ്യക്ഷനായ സിറ്റിസൺസ് കമ്മീഷൻ ഓൺ ഇലക്ഷൻസ് എന്ന എൻ.ജി.ഒയുടെ റിപ്പോർട്ടിൽ നിലവിലെ വി.വി പാറ്റ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി വോട്ടർമാർക്ക് സ്ഥിരീകരിക്കാൻ സാധിക്കുന്ന വിധമാക്കി മാറ്റണമെന്ന് നിർദേശം ഉണ്ടായിരുന്നു എന്നും പിത്രോഡ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കുന്നത് കാത്തിരിക്കുകയായിരുന്നു താനെന്നും അത് സംഭവിക്കാത്തത് കൊണ്ടാണ് ഇപ്പോൾ സംസാരിക്കുന്നത് എന്നും പിത്രോഡ പറഞ്ഞു.
ഇ.വി.എം ശരിയാക്കിയില്ലെങ്കിൽ 400ലധികം സീറ്റുകൾ ബി.ജെ.പി നേടിയേക്കാം എന്നും എന്നാൽ ഇ.വി.എം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ അത് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പത്രോഡയുടെ മറുപടി.
ഇന്ത്യ മുന്നണി ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത 60 ശതമാനം ആളുകളെ അണിനിരത്തുക എന്നതിനാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ മുഖത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പല്ല, പാർലമെന്റ് തെരഞ്ഞെടുപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.
Content Highlight: If EVMs not ‘fixed’ before LS polls, BJP can win over 400 seats: Sam Pitroda