സര്‍ഫറാസിനെയും ജുറെലിനയും ബി.സി.സി.ഐ തഴഞ്ഞു? ആശ്വാസവാര്‍ത്തയെത്തുന്നു
Sports News
സര്‍ഫറാസിനെയും ജുറെലിനയും ബി.സി.സി.ഐ തഴഞ്ഞു? ആശ്വാസവാര്‍ത്തയെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th February 2024, 8:56 am

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് 2023-24 വര്‍ഷങ്ങളിലേക്കുള്ള പുതിയ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പുറത്തിറക്കിയത്. നാല് കാറ്റഗറികളിലായി 30 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് അപെക്‌സ് ബോര്‍ഡ് പട്ടിക പുറത്തിറക്കിയത്.

ഗ്രേഡ് എ പ്ലസില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കം നാല് പേര്‍ ഉള്‍പ്പെട്ടപ്പോള്‍ ഗ്രേഡ് എയില്‍ അശ്വിനടക്കം അഞ്ച് പേരും ബി-യില്‍ ആറ് താരങ്ങളുമാണ് ഇടം നേടിയത്.

15 പേര്‍ അടങ്ങുന്നതാണ് കാറ്റഗറി സി. ഒരു കോടിയാണ് കാറ്റഗറി സി-യില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് ലഭിക്കുക.

എന്നാല്‍ കാറ്റഗറി സി-യില്‍ രണ്ട് താരങ്ങള്‍ കൂടി ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനുമാണ് വാര്‍ഷിക കരാര്‍ ലഭിക്കാന്‍ സാധ്യതയുള്ളത്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരം കളിച്ചാല്‍ ഇരുവര്‍ക്കും കരാര്‍ ലഭിക്കും. പ്രോ-റാറ്റ അടിസ്ഥാനത്തിലാണ് ഇത് സംഭവിക്കുന്നത്.

നിര്‍ദേശിച്ചിരിക്കുന്ന കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റ് മത്സരമോ എട്ട് ഏകദിനമോ പത്ത് ടി-20യോ കളിച്ചവര്‍ക്കാണ് ഇത് ലഭിക്കുക. നിലവില്‍ രണ്ട് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജുറെലും സര്‍ഫറാസും അഞ്ചാം മത്സരത്തിലും കളത്തിലിറങ്ങിയാല്‍ കരാറിലും ഇടം നേടാം.

നിലവില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇരു താരങ്ങളും അഞ്ചാം മത്സരം കളിക്കാനും കരാറില്‍ ഇടം നേടാനും സാധ്യതകളേറെയാണ്. പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര നേടിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ധ്രുവ് ജുറെലായിരുന്നു. വിക്കറ്റ് കീപ്പറായി ജുറെല്‍ തന്നെ അഞ്ചാം മത്സരത്തില്‍ കളത്തിലിറങ്ങിയേക്കും.

രണ്ടാം മത്സരത്തില്‍ ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കിലും അഞ്ചാം മത്സരത്തില്‍ സര്‍ഫറാസിനെയും അപെക്‌സ് ബോര്‍ഡ് പരിഗണിച്ചേക്കും. മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് മത്സരം അരങ്ങേറുക.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകള്‍ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിച്ചിരുന്നില്ലെന്നും ആകാശ് ദീപ്, വിജയ്കുമാര്‍ വൈശാഖ്, ഉമ്രാന്‍ മാലിക്, യാഷ് ദയാല്‍, വിദ്വത് കവേരപ്പ എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നുവെന്നും ബി.സി.സി.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ബി.സി.സി.ഐ വാര്‍ഷിക കരാര്‍

ഗ്രേഡ് എ പ്ലസ് – ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍ (നാല് താരങ്ങള്‍)

വിരാട് കോഹ്‌ലി
രോഹിത് ശര്‍മ
ജസ്പ്രീത് ബുംറ
രവീന്ദ്ര ജഡേജ

ഗ്രേഡ് എ – അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (ആറ് താരങ്ങള്‍)

ആര്‍. അശ്വിന്‍
മുഹമ്മദ് ഷമി
മുഹമ്മദ് സിറാജ്
കെ.എല്‍. രാഹുല്‍
ശുഭ്മന്‍ ഗില്‍
ഹര്‍ദിക് പാണ്ഡ്യ

ഗ്രേഡ് ബി – മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (അഞ്ച് താരങ്ങള്‍)

സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത്
കുല്‍ദീപ് യാദവ്
അക്സര്‍ പട്ടേല്‍
യശസ്വി ജയ്സ്വാള്‍

ഗ്രേഡ് സി – ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍ (15 താരങ്ങള്‍)

റിങ്കു സിങ്
തിലക് വര്‍മ
റിതുരാജ് ഗെയ്ക്വാദ്
ശിവം ദുബെ
രവി ബിഷ്ണോയ്
ജിതേഷ് ശര്‍മ
വാഷിങ്ടണ്‍ സുന്ദര്‍
സഞ്ജു സാംസണ്‍
അര്‍ഷ്ദീപ് സിങ്
കെ.എസ്. ഭരത്
പ്രസിദ്ധ് കൃഷ്ണ
ആവേശ് ഖാന്‍
രജത് പാടിദാര്‍
ഷര്‍ദുല്‍ താക്കൂര്‍
മുകേഷ് കുമാര്‍

 

Content highlight: If Dhruv Jurel and Sarfaraz Khan plays 5th test against England, they will be added to Annual Central Contract