ശിവമോഗ: ജെ.ഡി.എസ്. നേതാവും അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായിരുന്ന എച്ച്.ഡി. ദേവഗൗഡയെ പരിഹസിച്ച് ബി.ജെ.പി. നേതാവ് രംഗത്തെത്തി. ദേവഗൗഡയ്ക്ക് 28 മക്കൾ ഉണ്ടായിരുന്നെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മൊത്തം ലോക്സഭാ സീറ്റുകളായ 28 സീറ്റിലും അവസരം നൽകുമായിരുന്നെന്നാണ് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ പറഞ്ഞത്. ദേവഗൗഡ മക്കൾരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ലക്‌ഷ്യം വെച്ചായിരുന്നു ഈശ്വരപ്പയുടെ പരിഹാസം.
“ദേവഗൗഡ നിലവിൽ എം.പിയാണ്. അദ്ദേഹത്തിന്റെ മകൻ എച്ച്.ഡി. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാണ്. മറ്റൊരു മകൻ കാബിനറ്റ് മന്ത്രിയാണെന്നും രണ്ട് കൊച്ചുമക്കളും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്”. ഈശ്വരപ്പ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ചേർന്നുണ്ടാക്കിയ മഹാസഖ്യത്തെ കുറിച്ചും ഈശ്വരപ്പ പരിഹാസരൂപേണ സംസാരിച്ചു.
“മഹാസഖ്യം ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ്. മായാവതി ഇപ്പോൾ സഖ്യത്തിലില്ല. അഖിലേഷ് യാദവും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ നിന്നും പുറത്ത് വന്നു. മറ്റാരെങ്കിലും സഖ്യത്തിന്റെ ഭാഗമാകാൻ വരുമോ എന്ന് കണ്ടറിയാം. ബി.ജെ.പിക്കാകട്ടെ ദിവസം ചെല്ലുന്തോറും ശക്തി കൂടി വരികയുമാണ്.” ഈശ്വരപ്പ പറഞ്ഞു.
Also Read പുൽവാമയിൽ വീണ്ടും ആക്രമണം: സൈനികനെ ഭീകരർ വെടിവെച്ച് കൊന്നു
രണ്ട് ഘട്ടങ്ങളായാണ് കർണാടകത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഏപ്രിൽ 18ന് 14 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബാക്കിയുള്ള 14 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുക തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരിക്കും.