| Tuesday, 8th May 2018, 10:47 am

ജയ് ഭീം-ലാല്‍സലാം മുദ്രാവാക്യത്തില്‍ സി.പി.ഐ.എമ്മിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനെയെങ്കിലും ഉള്‍പ്പെടുത്തണം: കാഞ്ച ഐലയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയ് ഭീം-ലാല്‍സലാം മുദ്രാവാക്യങ്ങളില്‍ സി.പി.ഐ.എം യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദളിത് നേതാക്കളെ നിയമിക്കുകയും വേണമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കാഞ്ച ഐലയ്യ. സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ പോലുള്ള ഘടകങ്ങളില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പോലുമില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.

ദ സ്‌ക്രോളിലെ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്. “ഇടതുപാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വങ്ങളില്‍ വലിയൊരളവുവരെ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ട്. എന്നാല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന ഘടകമായ പൊളിറ്റ്ബ്യൂറോയില്‍ ദളിത് ആദിവാസി പ്രാതിനിധ്യമില്ലാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. 17 പേരടങ്ങിയ പോളിറ്റ് ബ്യൂറോയില്‍ വലിയൊരു വിഭാഗം ശൂദ്രരും മറ്റ് പിന്നോക്ക വിഭാഗങ്ങളുമുണ്ട്. ഉദാഹരണത്തിന് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേരളത്തില്‍ നിന്നുള്ള നായരാണ്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും ഈഴവരാണ്. പോളിറ്റ് ബ്യൂറോയില്‍ സ്ത്രീകളും മുസ്‌ലിം പ്രതിനിധികളുമുണ്ട്. പക്ഷേ ദളിത്, ആദിവാസി പ്രതിനിധികള്‍ ആരും തന്നെയില്ല. ഇന്ത്യയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കുവേണ്ടി ചരിത്രപോരാട്ടം നടത്തിയ ഒരു പാര്‍ട്ടിയെ സംബന്ധിച്ച് ഇത് വലിയ വിശ്വാസ്യതാ പ്രശ്‌നം സൃഷ്ടിക്കും.” എന്നാണ് അദ്ദേഹം പറയുന്നത്.


Also Read: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ച സര്‍വ്വേ ഞങ്ങളുടേതല്ല: സംഘപരിവാര്‍ പ്രചരണം വസ്തുതാവിരുദ്ധമെന്ന് ബി.ബി.സി


“2007ല്‍ കെ.ജി ബാലകൃഷ്ണന്‍ ഇന്ത്യയുടെ ആദ്യ ദളിത് ചീഫ് ജസ്റ്റിസായി. സുപ്രീം കോടതിക്ക് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സി.പി.ഐ.എമ്മിനാവുന്നില്ല?” എന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ സ്‌ഫോടനാത്മകമായ മാറ്റം വേണമെന്നല്ല താന്‍ വാദിക്കുന്നതെന്നും കാഞ്ച ഐലയ്യ പറയുന്നു. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ മിക്ക നേതാക്കളും ഉയര്‍ന്ന ജാതിയിലുള്ളവരാണ്. പക്ഷേ ഇവരെല്ലാം പേരിനെങ്കിലും നേതൃതലത്തില്‍ കുറച്ച് ദളിതരെ ഉള്‍പ്പെടുത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.

ലാല്‍-നീല്‍ ഐക്യം എന്ന കമ്മ്യൂണിസ്റ്റ് മുദ്രാവാക്യത്തിനുവേണ്ടി സി.പി.ഐ.എം അടുത്തിടെ ശക്തമായി മുന്നോട്ടുവരുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തെലങ്കാന യൂണിറ്റുമാണ് ഇതിനുവേണ്ടി നിലകൊള്ളുന്നത്. എന്നാല്‍ നേതൃതലത്തില്‍ ദളിത് പ്രാതിനിധ്യം ഇല്ലാത്തത് ഈ മുദ്രാവാക്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞാണ് കാഞ്ച ഐലയ്യ ഇത്തരമൊരു വിമര്‍ശനം മുന്നോട്ടുവെക്കുന്നത്.

We use cookies to give you the best possible experience. Learn more