ഹൈദരബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനകം സിവില്‍ കോഡ് നടപ്പാക്കുമെന്നും നാല് ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറയ്ക്കുമെന്നും തെലങ്കാന പ്രകടന പത്രികയില്‍ ബി.ജെ.പി. നവംബര്‍ 30ന് നടക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് 48 പേജുള്ള ‘സകല ജനുല സൗഭാഗ്യ തെലങ്കാന’ എന്ന പ്രകടനപത്രിക അമിത് ഷാ ശനിയാഴ്ച പുറത്തിറക്കിയത്.
സന്നദ്ധരായ ചെറുകിട കര്‍ഷകര്‍ക്ക് സൗജന്യമായി നാടന്‍ പശുക്കളെ നല്‍കുമെന്നും, റോഹിങ്ക്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും സമയബന്ധിതമായി നാടുകടത്തുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു.
ഇതുകൂടാതെ ബി.ആര്‍.എസ് സര്‍ക്കാരിന്റെ അഴിമതികളും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷന്‍, പിന്നോക്ക വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി, നാല് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, ഉയര്‍ന്ന പെട്രോള്‍ ഡീസല്‍ വിലകളില്‍ ഇളവ്, ഒരു എന്‍.ആര്‍.ഐ മന്ത്രാലയം സ്ഥാപിക്കല്‍ എന്നിവയാണ് ബി.ജെ.പിയുടെ മറ്റ് വാഗ്ദാനങ്ങള്‍.