ലോകകപ്പ് മത്സരങ്ങൾ ഗ്രൂപ്പ് സ്റ്റേജിലെ അവസാന ഘട്ടത്തോട് അടുക്കുമ്പോഴും ലാറ്റിൻ അമേരിക്കൻ ശക്തിയായ അർജന്റീനക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സാധിച്ചിട്ടില്ല.ഡിസംബർ 2ന് പോളണ്ടുമായി നടക്കുന്ന മത്സരം പരാജയപ്പെട്ടാൽ മെസ്സിക്കും ടീമിനും അവരുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരും. മറ്റൊരു ലാറ്റിൻ അമേരിക്കൻ വമ്പന്മാരും അർജന്റീനയുടെ ചിരവൈരികളുമായ ബ്രസീൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീ ക്വാർട്ടറിലേക്ക് കടന്നിരുന്നു.
എന്നാൽ ബ്രസീൽ ലോകകപ്പ് പ്രീ ക്വാർട്ടർ സ്റ്റേജിലേക്ക് കടന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ കടുത്ത ആരാധകനാണ് താനെന്നും അർജന്റീന കോച്ച് ലയണൽ സ്കലോണി മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീനക്ക് ലോകകപ്പ് നേടാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ലാറ്റിൻ അമേരിക്കൻ ടീമായ ബ്രസീൽ അത് നേടട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബ്രസീലിൽ നിരവധി സുഹൃത്തുക്കൾ ഉള്ള തനിക്ക് ബ്രസീൽ ടീമിനോട് വിരോധം ഉണ്ടെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.
പോളണ്ടിനെ തകർത്ത് തങ്ങൾക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കും എന്ന പ്രതീക്ഷ മാധ്യമങ്ങളോട് പങ്കുവെച്ച സ്കലോനി, മികച്ച ടെക്നിക്കൽ പ്ലയേഴ്‌സ് ഉൾപ്പെടുന്ന പോളണ്ടിനെ കുറച്ചു കാണുന്നില്ലെന്ന് തുറന്ന് പറഞ്ഞു. കളി ശൈലി മാറ്റാതെ സ്ഥിരതയോടെ കളിക്കുന്ന പോളണ്ടിന്റെ ശൈലിയേയും അദ്ദേഹം പ്രശംസിച്ചു.
നാലോ അഞ്ചോ ഡിഫൻഡേഴ്സിനെ ഉപയോഗിച്ച് പോളണ്ട് തങ്ങളെ നേരിടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ തങ്ങൾ മികച്ച ടീം ഗെയിം കളിച്ച് പോളണ്ടിനെ തകർക്കുമെന്നും പ്രതീക്ഷ പങ്കുവെച്ചു. കൂടാതെ ഫോർവേഡ് ആയ എ.സ് റോമയുടെ സൂപ്പർ താരം ഡിബാലയെ കളിപ്പിക്കേണ്ട എന്നത് തങ്ങളുടെ ടെക്നിക്കൽ തീരുമാനമാണെന്നും സ്കലോനി പറഞ്ഞു.
പ്രവചനങ്ങൾക്ക് അതീതമായ ഗ്രൂപ്പ് സി യിൽ പോളണ്ട്, മെക്സിക്കോ അർജന്റീന, സൗദി അറേബ്യ എന്നീ നാല് ടീമുകൾക്കും പ്രീ ക്വാർട്ടർ പ്രതീക്ഷകളുണ്ട്. പോളണ്ടിനോട് വിജയിച്ചാൽ അർജന്റീനക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. എന്നാൽ സമനിലയാണ് നേടുന്നതെങ്കിൽ മെക്സിക്കോ-സൗദിഅറേബ്യ മത്സര ഫലം അനുസരിച്ചായിരിക്കും അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾ.
Content highlights: If brazil win worldcup iam happy said argentinian coach Lionel scaloni