| Sunday, 5th March 2023, 7:23 pm

ബ്രസീൽ ലോകകപ്പ് നേടണമെങ്കിൽ അർജന്റീനയെ കണ്ട് പഠിക്കണം; ലൂയിസ് സുവാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് ഖത്തർ എഡിഷനിൽ വിജയിച്ചതോടെ തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ് മെസിയും കൂട്ടരും.

1986ൽ മറഡോണ അർജന്റീനയിലേക്ക് ലോക കിരീടം എത്തിച്ചതിന് ശേഷം നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്റീനയുടെ മണ്ണിലേക്ക് മെസിയും സംഘവും ലോകകിരീടം എത്തിച്ചത്.

ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്തായിരുന്നു അർജന്റീനയുടെ കിരീട ധാരണം.
എന്നാലിപ്പോൾ അർജന്റീന ലോകകപ്പ് നേടിയത് പോലെ ബ്രസീലിനും ഫുട്ബോൾ ലോകകപ്പ് നേടണമെങ്കിൽ അർജന്റീന പ്രയോഗിച്ച തന്ത്രം ഉപയോഗപ്പെടുത്തണം എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരസ്.

മെസിയെ കേന്ദ്രീകരിച്ച് അർജന്റീന ടീമിനെ ഉണ്ടാക്കിയത് പോലെ നെയ്മറെ കേന്ദ്രീകരിച്ച് ബ്രസീൽ ടീമിനെ രൂപപ്പെടുത്തിയാൽ ബ്രസീലിനും ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കും എന്നാണ് സുവാരസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

“നിങ്ങൾ മെസിയെ നോക്കൂ, അദ്ദേഹത്തിന് 35 വയസുണ്ട്. എന്നിട്ടും കഠിന പരിശ്രമത്തിലൂടെ അദ്ദേഹത്തിന് വേണ്ടത് മെസി നേടിയെടുത്തു. ബ്രസീലിന് അടുത്ത ലോകകപ്പ് നേടണമെങ്കിൽ മെസിയെ വെച്ച് അർജന്റീന ചെയ്തത് നെയ്മറെ വെച്ച് ബ്രസീലും ചെയ്യണം. നെയ്മർക്ക് കളിക്കാൻ അവസരം ഉണ്ടാക്കി നൽകുന്ന പത്ത് പ്ലെയേഴ്സിനെ ബ്രസീൽ സൃഷ്ടിക്കണം,’ സുവാരസ് പറഞ്ഞു.

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യക്കെതിരെ തോറ്റ് പുറത്തായതോടെ ബ്രസീൽ പരിശീലകൻ ടിറ്റെ ബ്രസീൽ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.
ഇതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ബ്രസീൽ ടീം.

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പ് ഗ്വാർഡിയോള. മൗറീന്യോ മുതലായ പരിശീലകരുടെ പേരെല്ലാം ബ്രസീലുമായി ബന്ധപ്പെട്ട് ഉയർന്ന് കേട്ടിരുന്നെങ്കിലും ഇതുവരെയും ബ്രസീലിന്റെ പുതിയ പരിശീലകൻ ആരെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

അതേസമയം ലോകകപ്പിന് ശേഷം തന്റെ ക്ലബ്ബായ പി.എസ്.ജിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നെയ്മർക്കായിട്ടില്ല.
പരിക്കിന്റെ പിടിയിലായ താരം ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ കളിക്കുമോ എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

നിലവിൽ ലീഗ് വണ്ണിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളുമായി 63 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി

Content Highlights:if brazil want worldcup they must try argentina tactics;Luis Suárez

We use cookies to give you the best possible experience. Learn more