ന്യൂദല്‍ഹി: 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര പുടിന്‍ ആകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ദല്‍ഹിയിലെ ആം ആദ്മി റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ പിന്നീട് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നരേന്ദ്ര മോദി നരേന്ദ്ര പുടിന്‍ ആകും,’ അദ്ദേഹം പറഞ്ഞു.
മോദി ഇപ്പോള്‍ തന്നെ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ പൂര്‍ണ ഏകാധിപതി ആകുമെന്നും ഭഗവന്ത് പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ മോദിയെ ഇന്ത്യയുടെ മാലിക് (ഉടമ) ആയാണ് കാണുന്നതെന്നും ഭഗവന്ത് കൂട്ടിച്ചേര്‍ത്തു. 14 കോടി ഇന്ത്യക്കാരും ഇന്ത്യയെ രക്ഷിക്കാന്‍ തയ്യാറായാല്‍ ഇന്ത്യ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, രാജ്യത്തെ മതപരമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്‍ ആരോപിച്ചിരുന്നു. ഹിന്ദുരാഷ്ട്രം നിര്‍മിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇത് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ ദല്‍ഹി രാംലീല മൈതാനത്തില്‍ ആം ആദ്മി ഞായറാഴ്ച മഹാറാലി സംഘടിപ്പിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ദല്‍ഹി എ.എ.പി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ്, എ.എ.പി എം.പി സജ്ഞയ് സിങ് എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.എ.പി റാലി സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃ പരിശോധിക്കണമെന്നും ദല്‍ഹിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിനെ കുറിച്ച് വിശദീകരിക്കുന്നതിനായി ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്ന് പാര്‍ട്ടി വക്താവ് റീന ഗുപ്ത പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡിനന്‍സ് എങ്ങനെയാണ് അവരുടെ ദൈന്യംദിന ജീവിതത്തെ ബാധിക്കുകയെന്നതിനെ പറ്റിയാണ് ക്യാമ്പയിന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പ് വരുത്തുന്നത് തുടരുകയാണ് കെജ്‌രിവാള്‍.
നേരത്തെ, ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന മേധാവി ഉദ്ധവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായെല്ലാം കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highligh: If bjp win in 2024 election, narendra modi become narendra putin: Bhagwant man