| Sunday, 3rd March 2024, 8:08 am

ബി.ജെ.പിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ വനത്തിൽ നിന്ന് വേരോടെ പിഴുതെറിയപ്പെടും; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെടുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്‍. ശനിയാഴ്ച ജാര്‍ഖണ്ഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ വനങ്ങളില്‍ നിന്നും കല്‍ക്കരിയുള്ള പ്രദേശങ്ങളില്‍ നിന്നും ആദിവാസികളെ അവര്‍ പിഴുതെറിയുമെന്ന് ചമ്പായി സോറന്‍ ആരോപിച്ചു. ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും നീക്കത്തെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി നിയമസഭാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വനാവകാശ നിയമത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭേദഗതി വരുത്തിയെന്നും ഗ്രാമസഭയുടെ അധികാരം കവര്‍ന്നെടുത്തെന്നും അദ്ദഹം ആരോപിച്ചു. അതോടൊപ്പം കല്‍ക്കരി പ്രദേശങ്ങളുടെ വികസനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം നിയമഭേഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വനത്തില്‍ നിന്നും കല്‍ക്കരി പ്രദേശങ്ങളില്‍ നിന്നും ആദിവാസികളെ തന്ത്രപരമായി തുരത്താനാണ് ഭേദഗതിയിലൂടെ കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിച്ചില്ലെങ്കില്‍ ആദിവാസികള്‍ അവരുടെ മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടും’, മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം എം.എല്‍.എമാരോട് അഭ്യര്‍ഥിച്ചു. ഫെബ്രുവരി 23നാണ് ജാര്‍ഖണ്ഡ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിച്ചത്.

Contant Highlight: If BJP Is Not Defeated, Tribals Will Be Uprooted: Jharkhand Chief Minister

We use cookies to give you the best possible experience. Learn more