കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ മുസ്‌ലിം എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പത്ത് മാസങ്ങള്‍ക്കുള്ളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ അവസ്ഥ വരുമെന്നും അന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍, എല്ലാ മുസ്‌ലിം തൃണമൂല്‍ എം.എല്‍.എമാരെയും തങ്ങള്‍ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്നുമാണ് സുവേന്ദു അധികാരി പറഞ്ഞത്.
കഴിഞ്ഞ മാസം ബജറ്റ് സമ്മേളനത്തിനിടെ അധികാരിയെയും മറ്റ് മൂന്ന് ബി.ജെ.പി എം.എല്‍.എമാരെയും സ്പീക്കര്‍ ബീമന്‍ ബാനര്‍ജി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അധികാരി, മമത സര്‍ക്കാരിനെ മുസ്‌ലിം ലീഗിന്റെ രണ്ടാം പതിപ്പെന്ന് വിശേഷിപ്പിച്ചിരുന്നു. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അവരെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
സുവേന്ദു അധികാരിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ മമത ബാനര്‍ജിയും മറ്റ് ടി.എം.സി നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. ബി.ജെ.പി സംസ്ഥാനത്ത് ‘വ്യാജ ഹിന്ദുമതം’ ഇറക്കി കളിക്കുകയാണെന്നും അവര്‍ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയാണെന്നും മമത ആരോപിച്ചു.
‘നിങ്ങളുടെ ഇറക്കുമതി ചെയ്ത ഹിന്ദു ധര്‍മത്തിന് നമ്മുടെ പുരാതന വേദങ്ങളുടേയോ സന്യാസിമാരുടേയോ പിന്തുണയില്ല. നിങ്ങള്‍ വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുകയാണ്. നിങ്ങള്‍ എന്തുകൊണ്ടാണ് മുസ്‌ലിങ്ങള്‍ക്ക് സീറ്റ് നല്‍കാത്തത്? നിങ്ങള്‍ ഇരുട്ടിലാണ് ജീവിക്കുന്നത്. നിങ്ങള്‍ രാജ്യത്തെ വിഭജിക്കുന്നു. പക്ഷേ ഞങ്ങള്‍ നമ്മുടെ രാജ്യത്തെ വിഭജിക്കാന്‍ പോകുന്നില്ല,’ മമത ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷും പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ചു. ഇത് വിദ്വേഷ പ്രസംഗമാണെന്നും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് അങ്ങേയറ്റം ആക്ഷേപകരമായ പ്രസ്താവനയാണ്. ബംഗാള്‍ പ്രതിപക്ഷ നേതാവിന് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക മതത്തിലെ എം.എല്‍.എമാരെ പുറത്താക്കുമെന്ന് അദ്ദേഹത്തിന് പറയാനാവില്ല. ഈ മാനസികാവസ്ഥ നല്ലതല്ല.
പാര്‍ലമെന്റിലോ സംസ്ഥാന അസംബ്ലികളിലോ, ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകാം. എന്നാല്‍ മതം ഉയര്‍ത്തിക്കൊണ്ടുവരുന്നതും ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട എം.എല്‍.എമാരെ ലക്ഷ്യമിടുന്നതും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്,’ കുനാല്‍ ഘോഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് തന്റെ മാനസിക അസ്ഥിരത കാരണമാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അധികാരിയുടെ പ്രസ്താവനകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ബംഗാള്‍ ബി.ജെ.പി നേതാക്കള്‍ വിസമ്മതിച്ചതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: If BJP comes to power in Bengal, Muslim MLAs will be expelled from the assembly: Suvendu Adhikari