മുംബൈ: വീണ്ടും ബി.ജെ.പിക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് പി.ഡി.പിയുമായി സഖ്യമാവാമെങ്കില്‍ ശിവസേനയ്ക്ക് എന്‍.സി.പിയായും കോണ്‍ഗ്രസുമായും സഖ്യമാവാമെന്നും സഞ്ജയ് പറഞ്ഞു.
‘ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് 72 മണിക്കൂര്‍ ലഭിച്ചിരുന്നു. ഞങ്ങള്‍ക്ക് 24 മണികൂറാണ് തന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തണമെങ്കില്‍ എന്‍.സി.പിയോയും കോണ്‍ഗ്രസിനോടുമുള്ള ഭിന്നതകള്‍ മൂടിവെച്ചേ പറ്റൂ. ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി ബി.ജ.പി ക്ക് കൈകോര്‍ക്കാമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ഞങ്ങള്‍ക്ക് എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിക്കൂട.’, സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഞ്ജയ് റാവത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കണ്ടശേഷമായിരിക്കും കൂടിക്കാഴ്ച.
അതിനിടെ ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചു. മഹാരാഷ്ട്ര നേതാക്കള്‍ അല്‍പ്പ സമയത്തിനകം സോണിയയെ കാണും.
എല്ലാ ഉപാധികളും അംഗീകരിച്ച് ഔദ്യോഗികമായി ശിവസേന എന്‍.സി.പിയെ സമീപിക്കുകയാണെങ്കില്‍ പരിഗണിക്കാന്‍ തയ്യാറാണെന്നാണ് മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞത്. സേനയുമായി സഖ്യം സ്ഥാപിക്കുന്നതിന് മുമ്പ് സേനയുടെ സര്‍ക്കാറിനെ കുറിച്ച് വ്യക്തമായ ധാരണ എന്‍.സി.പിക്ക് നല്‍കണമെന്നും മാലിക് പറഞ്ഞിരുന്നു. ‘നേതൃത്വം എങ്ങനെയാണ് രൂപീകരിക്കുന്നത്, എന്താണ് സര്‍ക്കാരിന്റെ പദ്ധതികള്‍, അജണ്ടകള്‍ ഇവയൊക്കെ വ്യക്തമാവാതെ എന്‍.സി.പി ഒരു തീരുമാനം എടുക്കില്ല.’, മാലിക് പറഞ്ഞിരുന്നു.