ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ കിരീടം നേടിയാലും ഇല്ലെങ്കിലും, ആ റെക്കോഡുകള്‍ തകര്‍ക്കപ്പെടും
Football
ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ കിരീടം നേടിയാലും ഇല്ലെങ്കിലും, ആ റെക്കോഡുകള്‍ തകര്‍ക്കപ്പെടും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 9:08 am

ബുണ്ടസ്‌ലീഗയില്‍ 18 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 44 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. ഒന്നാം സ്ഥാനത്തുള്ള ബയെര്‍ ലെവര്‍കൂസനുമായി നാല് പോയിന്റ് വ്യത്യാസമാണ് ജര്‍മന്‍ വമ്പന്‍മാര്‍ക്കുള്ളത്.

ഈ സാഹചര്യത്തില്‍ ബയേണ്‍ മ്യൂണികിനെ മറികടന്നുകൊണ്ട് ഈ സീസണില്‍ സാബി അലോണ്‍സയും കൂട്ടരും കപ്പ് നേടുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

ഇപ്പോഴിതാ ബയേണ്‍ മ്യൂണിക് കിരീടം നേടിയാലും ഇല്ലെങ്കിലും ഉണ്ടാവുന്ന ഒരു വസ്തുതയാണ് ഏറെ ശ്രദ്ധേയമാവുന്നത്. ബയേണ്‍ മ്യൂണിക് ബുണ്ടസ് ലീഗ നേടുകയാണെങ്കില്‍ അത് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ കരിയറിലെ ആദ്യ ട്രോഫി ആയിരിക്കും.

ഇതിന് മുമ്പ് ഫുട്‌ബോളില്‍ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ഇംഗ്ലീഷ് നായകന് സാധിച്ചിട്ടില്ല. ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ കളിക്കുമ്പോഴും കെയ്‌ന് കിരീടം ലഭിച്ചിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിയിട്ടും കെയ്‌നിന് കാലിടറിപോവുകയായിരുന്നു.

 

ഈ സാഹചര്യത്തില്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ജര്‍മന്‍ വമ്പന്‍മാര്‍ക്കും കിരീടം നേടാന്‍ സാധിച്ചാല്‍ അത് ഇംഗ്ലീഷ് നായകന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച ഒരു നേട്ടമായി മാറും എന്നുറപ്പാണ്. ബയേണിനായി ഈ സീസണില്‍ 26 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് കെയ്ന്‍.

അതേസമയം മറുഭാഗത്ത് ബയേണ്‍ മ്യൂണിക്കിന് ഈ സീസണില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയാല്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിങ്സ്ലി കോമന് മറ്റൊരു വലിയ തിരിച്ചടിയായിരിക്കും തന്റെ ഫുട്‌ബോള്‍ കരിയറില്‍ നേരിടേണ്ടിവരുക.

ബയേണിന് കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ കോമന് കിരീടമില്ലാത്ത ആദ്യ സീസണ്‍ ആയി മാറും ഇത്. ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാര്‍ക്കായി അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരം നേടിയത്.

നീണ്ട കാലങ്ങള്‍ക്ക് ശേഷം ജര്‍മനിയില്‍ പുതിയ ഒരു ചാമ്പ്യന്‍ ഉണ്ടാവുമോ എന്ന് കണ്ടുതന്നെ അറിയണം. ബുണ്ടസ്‌ലീഗയില്‍ ജനുവരി 27ന് ആന്‍ഗ്‌സ്ബര്‍ഗിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.

Content Highlight: If Bayern Munich win or loss in Bundesliga its create a new fact.