|

ലൂക്ക് ആന്റണിയുടെ ഒരു ഭാവം വരക്കാന്‍ പറഞ്ഞാല്‍ അത് ഏതായിരിക്കും; മമ്മൂട്ടിക്ക് മറുപടിയുമായി കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ് എന്നതിന് പുറമേ നല്ലൊരു ചിത്രകാരന്‍ കൂടിയാണ് കോട്ടയം നസീര്‍. മമ്മൂട്ടി, മനോജ് കെ. ജയന്‍, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്മാരുടെയും മൃഗങ്ങളുടെയുമൊക്കെ ധാരാളം ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. റോഷാക്കിലെ മമ്മൂട്ടിയുടെ ഏതെങ്കിലും ഭാവം വരക്കാന്‍ തെരഞ്ഞെടുത്താല്‍ അത് ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് നസീര്‍.

റോഷാക്ക് പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയപ്പോഴായിരുന്നു നസീറിനോട് ഈ ചോദ്യം ഉയര്‍ന്നത്. എല്ലാം വരക്കാന്‍ തോന്നിയിട്ടുണ്ടെന്നായിരുന്നു നസീറിന്റെ ഉത്തരം. എന്നാലും ഒരെണ്ണം പറയാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടു. വൈറ്റ് റൂമില്‍ കയ്യും കെട്ടിയിരിക്കുന്ന പോസ്റ്റര്‍ ചൂണ്ടിക്കാട്ടി ഇത് വരക്കാമെന്ന് നസീര്‍ പറഞ്ഞു. അതിന് കാരണം ചോദിച്ച മമ്മൂട്ടിയോട് അത് കാണാന്‍ രസമാണെന്നും നസീര്‍ പറഞ്ഞു.

റോഷാക്കില്‍ നസീര്‍ അവതരിപ്പിച്ച ശശാങ്കന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയം നിര്‍ത്തി പെയിന്റിങ്ങിലേക്ക് തിരിച്ച് പോകാമെന്ന് കരുതിയപ്പോഴാണ് റോഷാക്കിലേക്ക് വിളി വന്നതെന്ന് നേരത്തെ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് നസീര്‍ പറഞ്ഞിരുന്നു.

”കൊവിഡായി രണ്ട് കൊല്ലം ഒരു പരിപാടിയുമില്ലാതെ വീട്ടിലിരുന്നു. ആ സമയത്താണ് മിമിക്രിയിലേക്ക് പുതിയ പിള്ളേര് വന്നത്. നമ്മളെ അത്ഭുതപ്പെടുത്തികൊണ്ട് അവരുവന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. അപ്പോഴാണ് എക്സ്പൈറി കഴിഞ്ഞുവെന്ന് ഞാന്‍ മനസിലാക്കുന്നത്.

സിനിമയിലും ശക്തമായി ഒന്നും ആകാന്‍ പറ്റുന്നില്ല, മിമിക്രിയിലേക്ക് ഇനി തിരിച്ചുപോയിട്ടും കാര്യമില്ല എന്നൊരു തിരിച്ചറിവ് വന്നതോടെ ഇതെല്ലാം അവസാനിപ്പിച്ച് പെയിന്റിങിന് പോകാമെന്ന് ഞാന്‍ കരുതി.

അവിടെയങ്ങനെ ആരും പെട്ടെന്ന് കൈവെക്കില്ല. കാരണം കുറച്ച് പണിയുള്ള പണിയാണ് പെയ്ന്റിങ്. അങ്ങനെയെല്ലാം മനസില്‍ കരുതി ഒതുങ്ങിയങ്ങ് മാറാമെന്ന് കരുതിയപ്പോഴാണ് ഇങ്ങനെയൊരു അവസരം കിട്ടിയത്. ഇതെനിക്ക് വലിയ പ്രതീക്ഷയാണ്.

സിനിമയില്‍ ഒരു ക്യാരക്ടര്‍ വേഷം ചെയ്തതിന്റെ പേരില്‍ ഞാന്‍ ഇപ്പോഴാണ് അഭിനന്ദിക്കപ്പെടുന്നത്. നടനെന്ന നിലയിലെ അംഗീകാരവും സ്നേഹവും ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു വേഷത്തിലേക്ക് വിളിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല,” നസീര്‍ പറഞ്ഞു.

അതേസമയം റോഷാക്ക് മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 9.75 കോടിയാണ് നേടിയത്. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികള്‍ പകലാകുന്ന കാഴ്ചയാണ് റോഷാക്ക് റിലീസിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

നല്ല സിനിമകള്‍ ഉണ്ടായാല്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ റോഷാക്കിന് കഴിഞ്ഞു. ഇതിന് നമ്മള്‍ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണെന്നും ആന്റോ ജോസഫ് കുറിക്കുന്നു.

Content Highlight: If asked to paint a portrait of Luke Antony, what would it be; Kottayam Nazeer responds to Mammootty