| Saturday, 24th April 2021, 1:19 pm

ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്ന ആരെയും വെറുതെവിടില്ലെന്ന് ദല്‍ഹി ഹൈക്കോടതി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ദല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തടസ്സമുണ്ടാക്കിയാല്‍ കര്‍ശന നടപടിയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് കോടതി വ്യക്തമാക്കി.

കൊവിഡ് ഗുരുതരമായി ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ഓക്‌സിജന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രാസെന്‍ ഹോസ്പിറ്റല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിന്‍ സങ്കിയുടെയും രേഖ പല്ലിയുടെയും ബെഞ്ച് കര്‍ശന നിലപാട് സ്വീകരിച്ചത്.

ഓക്‌സിജന്‍ വിതരണത്തിന് തടസ്സം വരുത്തുന്ന ഒരാളെയും വെറുതെവിടില്ലെന്നും കോടതി പറഞ്ഞു.

കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ദല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറ് സ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത്.

ദല്‍ഹിയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പട്ടിക പുറത്ത് വിട്ടത്.

ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും നേരത്തെ ദല്‍ഹി കോടതി ചോദിച്ചിരുന്നു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്നാണ് കോടതി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: If anyone obstructs oxygen supply, we will not spare them: Delhi High Court

We use cookies to give you the best possible experience. Learn more