national news
പാകിസ്താനില്‍ നിന്നുള്ള മുസ്‌ലിങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്ന് രാജ്‌നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 31, 06:03 am
Friday, 31st January 2020, 11:33 am

ന്യൂദല്‍ഹി: പാകിസ്താനില്‍ നിന്നുള്ള മുസ്‌ലിങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്‌ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

‘പാകിസ്താനില്‍ നിന്നുള്ള ഏതെങ്കിലും മുസ്‌ലിം സഹോദരങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ പൗരത്വ നിയമത്തില്‍ അതിനുള്ള വ്യവസ്ഥയുണ്ട്. അതിലൂടെ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞ 5-6 വര്‍ഷത്തിനിടെ പാകിസ്താനില്‍ നിന്ന് വന്ന 600 ഓളം മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഞങ്ങള്‍ പൗരത്വം നല്‍കിയിട്ടുണ്ട്’, രാജ്‌നാഥ് സിംഗ് പറഞ്ഞു.


വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇന്ത്യയുടെ സ്വഭാവം മനസിലാക്കേണ്ടതുണ്ട്. ലോകജനതയെ അവരുടെ കുടുംബമായി അംഗീകരിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. ‘വസുധൈവ കുടുംബകം’ എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ഈ സന്ദേശം പകര്‍ന്നു നല്‍കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ക്യാംപെയിനില്‍ നേരത്തെ ബി.ജെ.പി നേതാക്കള്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനേയും ദല്‍ഹി ബി.ജെ.പി എം.എല്‍.എ പര്‍വേശ് ശര്‍മ്മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO: