| Monday, 15th October 2012, 4:06 pm

സമ്മര്‍ദ്ദം ഇഷ്ടമാണ്, ക്യാപ്റ്റനാവാനും തയ്യാര്‍: വിരാട് കോഹ്‌ലിയുടെ വാക്കുകളിലൂടെ....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരവാദിത്തങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അപ്പോള്‍ മാത്രമേ എന്നിലുള്ള പൂര്‍ണമായ കഴിവ് പുറത്തെടുക്കാന്‍ കഴിയുകയുള്ളു…. വിരാട് കോഹ്‌ലി സംസാരിക്കുന്നു


ഫേസ് ടു ഫേസ്/ വിരാട് കോഹ്‌ലി

മൊഴിമാറ്റം/ ആര്യ രാജന്‍


വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ആണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയെന്ന് പറയേണ്ടി വരും. ഓരോ മത്സരത്തിലും ഒരേ ശൈലിയില്‍ കളിച്ച് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിവുള്ള താരമാണ് കോഹ്‌ലി.

ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും കോഹ്‌ലിയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്നും 46.25 ശരാശരിയായോടെ 185 റണ്‍സായിരുന്നു കോഹ്‌ലി നേടിയത്.[]

ഇങ്ങനെയൊക്കെ കളിച്ചിട്ടും ഇന്ത്യന്‍ ടീമിനെ ട്വന്റി-20 മത്സരത്തിന്റെ ഫൈനലില്‍ കടത്താന്‍ കഴിയാത്തത് ഒരു നിരാശയായി കോഹ്‌ലിയുടെ മനസില്‍ അവശേഷിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ കുറിച്ചും തന്റെ പ്രകടനത്തെ കുറിച്ചും കോഹ്‌ലി മനസ് തുറക്കുന്നു..

ഇന്ത്യ ഒരു മത്സരമേ നഷ്ടപ്പെടുത്തിയുള്ളൂ എന്നിട്ടും ട്വന്റി-20 യുടെ ഫൈനല്‍ കാണാതെ പുറത്തായി, എന്താണ് പറയാനുള്ളത് ?

അതെ. തികച്ചും നിര്‍ഭാഗ്യകരമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഓസ്‌ട്രേലിയയുമായി തോറ്റതാണ് ടീമിന് തിരിച്ചടിയായത്. കളിക്കാര്‍ എല്ലാം നല്ല ഫോമില്‍ തന്നെയായിരുന്നു. സാഹചര്യം കണക്കിലെടുത്ത് കളിച്ചിരുന്നു. റണ്‍ റേറ്റ് ഉയര്‍ത്തുകയെന്ന് മത്സരത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു..

താങ്കളുടെ ബാറ്റിങ് തന്നെയാണ് ടീമിന്റെ ഹൈലൈറ്റ് ആയതെന്ന് തോന്നിയിട്ടുണ്ടോ?

പല മത്സരത്തിലും നന്നായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നിട്ടുകൂടി ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. സെമിയില്‍ പുറത്താകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

പതിവില്‍ നിന്നും വ്യത്യസ്തമായ ബാറ്റിങ് ശൈലിയായിരുന്നു ട്വന്റി-20 യില്‍ പുറത്തെടുത്തത് ?

അങ്ങനെയില്ല. എല്ലായ്‌പ്പോഴും ചെയ്യുന്നത് പോലെ തന്നെയാണ് ഇത്തവണയും കളിച്ചത്. തുടക്കത്തിലുള്ള മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ സാധിച്ചിരുന്നു. അത് അതേ രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതിയിരുന്നു. എന്നാല്‍ ചില മത്സരങ്ങളില്‍ പ്രതീക്ഷിച്ച പോലെ കളിക്കാനായില്ല. കഠിന പ്രയത്‌നം നടത്തിയായിരുന്നു മത്സരത്തിനായി തയ്യാറെടുത്തത്.

ട്രെയിനിങ് ഷെഡ്യുളില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ?

മാറ്റമൊന്നും വരുത്തിയിട്ടില്ല. പണ്ടത്തെ അതേ രീതിയിലുള്ള എല്ലാ പരിശീലനവും ഞാന്‍ നടത്തുന്നുണ്ട്. ഫിറ്റ്‌നെസ് ട്രെയിനിങ്ങും ബാറ്റിങ് സെഷനും ജിം സെഷനും എല്ലാം പതിവുപോലെ നടക്കുന്നുണ്ട്. പിന്നെ ഇടയ്‌ക്കെല്ലാം സുഹൃത്തുക്കളുമായും സമയം ചിലവഴിക്കും. എന്നാല്‍ പണ്ടത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ എനിയ്ക്ക് കുറച്ചുകൂടി അച്ചടക്കം വന്നതായി തോന്നിയിട്ടുണ്ട്. എന്റെ കളിയുടെ നിലവാരത്തിനനുസരിച്ചാണ് ഞാന്‍ ട്രെയിനിങ് ഷെഡ്യൂള്‍ ക്രമീകരിക്കാറ്.

അച്ചടക്കം വേണമെന്ന് എല്ലായ്‌പ്പോഴും മനസിനെ പറഞ്ഞ് പഠിപ്പിക്കാറുണ്ടോ?

എന്റെ മനസില്‍ അച്ചടക്കമെന്ന വസ്തുത ഉണ്ട്. കളിയില്‍ ഇല്ലാത്തപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ടൈം ടേബിളില്‍ എഴുതിയിടുന്ന ആളൊന്നുമല്ല ഞാന്‍. അച്ചടക്കത്തോടെയുള്ള പരിശീലനം നടന്നില്ലെങ്കില്‍ അത് എന്റെ കരിയറിനെ തന്നെ മോശമായി ബാധിക്കും. മത്സരത്തിനായുള്ള ഒരുക്കത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ മറ്റെല്ലാ കാര്യവും വിട്ട് കളിയില്‍ മാത്രം ഫോക്കസ് ചെയ്യാനാണ് ശ്രമിക്കുന്നത്.

ചില കളിക്കാര്‍ക്ക് ആദ്യമേ ടാലന്റ് ഉണ്ടാകും, ചിലരാണെങ്കില്‍ കഠിനമായ പരിശീലനത്തിലൂടെ കഴിവിനെ പരിപോഷിപ്പിക്കും. താങ്കളുടെ കാര്യത്തില്‍ കഴിവും അര്‍പ്പണ മനോഭാവവും ഉണ്ടല്ലോ?

നിങ്ങള്‍ ടാലന്റ് ആണോ അല്ലയോ എന്നതല്ല, നിങ്ങള്‍ക്കുള്ള കഴിവ് വളര്‍ത്തിക്കൊണ്ടുവരാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ് നോക്കേണ്ടത്. പരിശീലനം നടത്താതെ കഴിവുണ്ടെന്ന് പറഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല. പരിശീലനം അത്യാവശ്യമാണ്. അത് ഉള്ളവര്‍ക്കേ ഏത് രംഗത്തായാലും പിടിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളൂ.

ഉത്തരവാദിത്തം ഒരുപാടുള്ളത് ഇഷ്ടമാണെന്ന് തോന്നുന്നു..?

ശരിയാണ്. സമ്മര്‍ദ്ദത്തിനിടയില്‍ കളിക്കുന്നതാണ് എനിയ്ക്ക് ഇഷ്ടം. ഒരു സമ്മര്‍ദ്ദവും ഇല്ലാതെ കളിക്കുന്നതിനോട് താത്പര്യമില്ല. തുറന്നുപറയാമല്ലോ ഉത്തരവാദിത്തങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അപ്പോള്‍ മാത്രമേ എന്നിലുള്ള പൂര്‍ണമായ കഴിവ് പുറത്തെടുക്കാന്‍ കഴിയുകയുള്ളു.

ക്യാപ്റ്റന്‍സിയെ കുറിച്ച് എന്താണ് അഭിപ്രായം, ട്വന്റി-20 യുടെ ക്യാപ്റ്റന്‍ സ്ഥാനം താങ്കള്‍ക്ക് തരണമെന്നൊരു അഭിപ്രായം ഉണ്ട് ?

ക്യാപ്റ്റന്‍സിയെ കുറിച്ച് ഒരുപാട് പേര്‍ പറയുന്നത് ഞാന്‍ കേട്ടു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല.  എന്നാല്‍ ഇക്കാര്യം എന്നോട് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി കളിക്കാന്‍ എനിയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

സംഗീതം കേള്‍ക്കാതിരിക്കുമ്പോള്‍ സുഹൃത്തുക്കളോടൊത്ത് ചാറ്റ് ചെയ്യാനാണ് ഇഷ്ടം. ഫീല്‍ഡിന് പുറത്തായിരിക്കുമ്പോള്‍ ബാറ്റിങ്ങിനെ കുറിച്ചുള്ള ആശങ്കകളൊന്നും എന്നെ അലട്ടാറില്ല

ഒരു മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍?

എന്നെക്കൊണ്ട് കഴിയുന്ന പോലെ ശാന്തതയോടെയും ആത്മവിശ്വാസത്തോടെയും ഓരോ മത്സരത്തെയും കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മത്സരത്തിന് മുന്‍പ് നല്ലൊരു പഞ്ചാബി സംഗീതം കേട്ടാല്‍ പോലും ഞാന്‍ സന്തോഷവാനാകും. അതില്‍ നിന്ന് പോലും എനിയ്ക്ക് ഒരു ഊര്‍ജം ലഭിക്കാനുണ്ട്.

റിലാക്‌സ് ആവാന്‍ എന്താണ് ചെയ്യാറ്?

സംഗീതം, അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ആശ്വാസം. അത് പഞ്ചാബിയായാലും ബോളിവുഡ് ആയാലും സര്‍ഫിയായും ഏത് ഭാഷയായാലും. നല്ല സംഗീതം ആസ്വദിക്കാനുള്ള മനസ് ഉണ്ട്. സംഗീതത്തോട് അത്രയേറെ താത്പര്യമാണ്. സംഗീതം കേള്‍ക്കാതിരിക്കുമ്പോള്‍ സുഹൃത്തുക്കളോടൊത്ത് ചാറ്റ് ചെയ്യാനാണ് ഇഷ്ടം. ഫീല്‍ഡിന് പുറത്തായിരിക്കുമ്പോള്‍ ബാറ്റിങ്ങിനെ കുറിച്ചുള്ള ആശങ്കകളൊന്നും എന്നെ അലട്ടാറില്ല.

ദൈവവിശ്വാസിയാണോ?

തീര്‍ച്ചയായും. ദൈവത്തില്‍ വിശ്വാസമുണ്ട്. എന്ന് വെച്ച് എല്ലായ്‌പ്പോഴും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥനയും നേര്‍ച്ചയും ചെയ്യുന്ന ആളല്ല ഞാന്‍. എന്റെ ജീവിതത്തെ കുറിച്ച് എനിയ്ക്ക് വ്യക്തമായ ധാരണയുണ്ട്. എന്റെ കഴിവിനെ കുറിച്ചും. എനിയ്ക്ക് അസാധ്യമായത് ദൈവത്തെക്കൊണ്ട് സാധിപ്പിക്കാന്‍ കഴിയുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.

2008 ല്‍ അണ്ടര്‍ 19 ടീമില്‍ പിന്നീട് അവിടെ നിന്നും ഐ.പി.എല്ലിലേക്ക് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക്.. ഈ ഒരു ഓര്‍ഡര്‍ കൃത്യമായിരുന്നെന്ന് തോന്നിയിട്ടുണ്ടോ?

എനിയ്ക്ക് ചുറ്റും സംഭവിച്ച ചില കാര്യങ്ങളില്‍ എല്ലാം കൃത്യമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍, ചിന്തിക്കാന്‍ പോലുമുള്ള സമയം ലഭിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ശരിയായ ഗൈഡന്‍സ് തരാന്‍ ഒരാള്‍ ഇല്ലായിരുന്നു. പലരും പറയുന്ന രീതിയിലാണ് മുന്നോട്ട് പോയത്. ഞാന്‍ പ്രതീക്ഷിച്ചത് പോലെയല്ല എന്റെ ജീവിതം മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള വരവ് പെട്ടെന്നായിരുന്നെന്നാണോ പറയുന്നത്?

അതെ.,വളരെ വേഗത്തില്‍ നടന്ന കാര്യമായിരുന്നു അത്. ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സീസണിന് അനുസരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പല അവസരവും എനിയ്ക്ക് നഷ്ടമായി. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്.

വളരെ ശാന്തതയോടെയുള്ള സംസാരമാണ് താങ്കളില്‍ നിന്നും വരുന്നത്?

സംഭാഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍.  എന്തൊക്കെ പറയണമെന്നും എന്തൊക്കെ പറയേണ്ടെന്നുമുള്ള വ്യക്തമായ ധാരണ എനിയ്ക്കുണ്ട്. അതുകൊണ്ടായിരിക്കാം വളരെ ശാന്തമായ സംഭാഷണത്തിന് എനിയ്ക്ക് സാധിക്കുന്നതും.

പത്ത് ഏകദിനങ്ങളില്‍ നിന്നായി അഞ്ച് സെഞ്ച്വറി നേടി. സെഞ്ച്വറികളും ഹാഫ് സെഞ്ച്വറികളും നേടുന്നതില്‍ പ്രത്യേക കഴിവുണ്ടെന്ന് തോന്നുന്നു?

സെഞ്ച്വറികള്‍ നേടാന്‍ വേണ്ടി മാത്രം ഞാന്‍ കളിച്ചിട്ടില്ല. ടീമിന്റെ വിജയം മുന്നില്‍ കണ്ടാണ് കളിച്ചത്. 35,40 ഓവറുകള്‍ ആകുമ്പോള്‍ പിന്നെ ഒന്നും നോക്കില്ല, ടീമിന് നല്ല ഒരു ടോട്ടല്‍ വേണമെന്ന കാര്യം മാത്രമേ മനസില്‍ ഉണ്ടാകൂ. അപ്പോള്‍ കിട്ടുന്ന എല്ലാ ഷോട്ടും അടിച്ചുനോക്കും. അങ്ങനെയാണ് റണ്‍ റേറ്റ് കൂടുന്നത്.

താങ്കളുടെ ബാറ്റിങ്ങിന്റെ വീഡിയോകള്‍ കാണാറുണ്ടോ?

എല്ലായ്‌പ്പോഴും ഒന്നും കാണാറില്ല, ഇന്നത്തെ ടെക്‌നോളജി മികച്ചതാണ്. എന്നാല്‍ അതിനെ മാത്രം ആശ്രയിച്ച് നില്‍ക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇപ്പോള്‍ തെറ്റായ രീതിയില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ അത് വീണ്ടും വീണ്ടും കണ്ട് മനസിലാക്കാന്‍ ഇന്നത്തെ ടെക്‌നോളജിയിലൂടെ സാധിക്കും. അത് നല്ല കാര്യമാണ്. അപ്പോള്‍ ഒരേ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കും.

പണം ഒരു പ്രചോദമാണോ?

ആദ്യത്തെ പരിഗണന ക്രിക്കറ്റിന് തന്നെയാണ്. പിന്നെ നമ്മള്‍ ഒരു മത്സരത്തില്‍ പങ്കെടുത്തതിന് ശേഷം പണം കൈപ്പറ്റുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. നമ്മുടെ അധ്വാനത്തിന്റെ ഫലമാണ് നമ്മള്‍ നേടുന്ന വിജയങ്ങള്‍. അതിന് ലഭിക്കുന്ന പ്രതിഫലം നമുക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കും.

ഇതുവരെ കളിച്ചതില്‍ ഇഷ്ടപ്പെട്ട അഞ്ച് ഇന്നിങ്‌സുകള്‍?

ലോകകപ്പ് ഫൈനല്‍, അത് ഒരിക്കലും മറക്കില്ല. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത മുഹൂര്‍ത്തമായിരുന്നു അത്. പിന്നെ അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന മത്സരം. പിന്നെ ഹൊബാര്‍ട്ട് പിന്നെ പാക്കിസ്ഥാനില്‍ വെച്ച് നടന്ന വേള്‍ഡ് ട്വന്റി-20..അങ്ങനെ പോകുന്നു.

കോച്ച് കിര്‍സ്റ്റനെ കുറിച്ച്?

നല്ല വ്യക്തിത്വത്തിന് ഉടമയണാവര്‍. എല്ലാ കളിക്കാരുമായി സംസാരിക്കുകയും അവരുടെ കഴിവ് മനസിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. താരങ്ങള്‍ക്ക് മേല്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം.

ധോണിയുമായുള്ള ബന്ധം?

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്നില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുകയും എനിയ്ക്ക് കാര്യങ്ങള്‍ പറഞ്ഞ് തരുകയും ചെയ്യുന്ന ആളാണ് ധോണി.

We use cookies to give you the best possible experience. Learn more