| Saturday, 2nd February 2019, 11:22 am

സഖ്യം വിടുമെന്ന ഭീഷണി; വെട്ടിലായി ബി.ജെ.പി നേതൃത്വം; അകാലിദളിനെ ഒപ്പം നിര്‍ത്താന്‍ എന്തും ചെയ്യുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനുള്ള കഠിന പ്രയത്‌നത്തിലാണ് ബി.ജെ.പി. ഏറ്റവും ഒടുവില്‍ മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ശിരോമണി അകാലിദള്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് നല്‍കിയത്. ശിവസേനയ്ക്ക് പിന്നാലെ ശിരോമണി അകാലിദളിന്റെ നിലപാട് പാര്‍ട്ടിയെ കുഴക്കിയിട്ടുണ്ട്.

എന്നാല്‍ ശിരോമണി അകാലിദള്‍ ബി.ജെ.പിയുമായി ഏറെക്കാലം മുന്നേ സഖ്യമുള്ള പാര്‍ട്ടിയാണെന്നും മുന്നണി വിടാന്‍ അവരെ അനുവദിക്കില്ലെന്നുമാണ് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പറയുന്നത്. അകാലിദളിനെ ഒപ്പം നിര്‍ത്താന്‍ പുതിയ ചുവട് വെക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

“” ബി.ജെ.പിയുമായി ശിവസേന കൊമ്പുകോര്‍ത്ത സമയമുണ്ടായിരുന്നു. സഖ്യം വിടുമെന്ന് അവരും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം ശരിയായി. അതുപോലെ തന്നെയാണ് ഇതും. അകാലിസ് ഞങ്ങളുടെ പഴയ സഖ്യകക്ഷിയാണ്. അവരെ ഒപ്പം നിര്‍ത്താന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യും””- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


ആര്‍.ജെ.ഡി മുന്‍ എം.പി ഷഹാബുദ്ദീന്റെ സഹോദരീപുത്രന്‍ വെടിയേറ്റ് മരിച്ച നിലയില്‍


പഞ്ചാബിലെ ബി.ജെ.പിയുടെ മുഖ്യ സഖ്യക്ഷിയാണ് ശിരോമണി അകാലി ദള്‍. ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ എന്‍.ഡി.എ യോഗത്തില്‍ നിന്നും ശിരോമണി അകാലിദള്‍ വിട്ട് നിന്നിരുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആര്‍.എസ്.എസ് ഇടപെടുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അകാലിദളിന്റെ പ്രധാന ആവശ്യം.

ബി.ജെ.പി ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അകാലിദള്‍ നേതാവും രാജ്യസഭാ എം.പിയുമായ നരേഷ് ഗുജ്രാള്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തി സമൂഹത്തില്‍ ഭിന്നതകള്‍ ഉണ്ടാക്കാനാണ് ബി.ജെ.പി നേതാക്കളുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രകോപനപരമായ പ്രസ്താവനകളാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ പലപ്പോഴും നടത്തുന്നത്. അകാലിദള്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയാണ്. അത് ബി.ജെപി മറക്കരുത്. കര്‍ഷകരുടെ പാര്‍ട്ടിയാണ് അകാലിദള്‍. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. മുന്നണിയുടെ അവസാന യോഗത്തില്‍ താന്‍ ഇത് ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇനിയും ഈ അവഗണന കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല, മുന്നണി വിടുന്നത് ആലോചിക്കേണ്ടി വരും- ഗുജ്രാള്‍ പറഞ്ഞു.

ബി.ജെ.പി നിലപാടുകളിലും സീറ്റ് വിഭജന തര്‍ക്കങ്ങളിലും പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് നിരവധി കക്ഷികള്‍ പുറത്തുപോയിട്ടുണ്ട്.

ജനങ്ങളെ പരിഗണിക്കാതെ ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് സഖ്യകക്ഷികളുടെ നിലപാട്. ദേശീയ പൗരത്വ ബില്ല് രാജ്യസഭയില്‍ പാസാക്കിയാല്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും സഖ്യകക്ഷികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more