അഖിലേഷ് യാദവെങ്ങാനും മുഖ്യമന്ത്രിയായിരുന്നേല്‍ സംസ്ഥാനം തന്നെ കൊള്ളയടിച്ച് കൊണ്ടുപോയേനെ: ബി.ജെ.പി
national news
അഖിലേഷ് യാദവെങ്ങാനും മുഖ്യമന്ത്രിയായിരുന്നേല്‍ സംസ്ഥാനം തന്നെ കൊള്ളയടിച്ച് കൊണ്ടുപോയേനെ: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd July 2022, 9:04 pm

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ സ്വതന്ത്ര ദേവ് സിങ്. അഖിലേഷ് യാദവ് ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ സംസ്ഥാനം തന്നെ കൊള്ളയടിച്ചിട്ടുണ്ടാകുമായിരുന്നു എന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളേയും സിങ് പ്രശംസിച്ചിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ തന്നെ തെരഞ്ഞെടുത്തത് ഒരിക്കലും തെറ്റായ തീരുമാനമല്ലെന്നും സിങ് പറഞ്ഞു.

‘ അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല.

ചെയ്തിരുന്നെങ്കില്‍, അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുകയും സംസ്ഥാനം തന്നെ കൊള്ളയടിക്കുകയും ചെയ്യുമായിരുന്നു,’ സിങ് ആരോപിച്ചു.

ജനങ്ങളുടെ പിന്തുണ കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയെ കുറിച്ചുള്ള ചോദ്യത്തിന് ‘കുറച്ച് മഴയുണ്ടെങ്കില്‍, കനാലുകള്‍ പൂര്‍ണ്ണ ശേഷിയിലായി അതുവഴി കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ഒരുക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന’ എന്നായിരുന്നു സിങ്ങിന്റെ മറുപടി.

പാല്‍ ഉള്‍പ്പെടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ജി.എസ്.ടി നിരക്ക് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ അഖിലേഷ് യാദവ് വിമര്‍ശനവുമായി എത്തിയിരുന്നു.

പാലുത്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതിലൂടെ ബി.ജെ.പി കൃഷ്ണഭക്തരെ വേദനിപ്പിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ജൂലൈ 18 മുതല്‍ പായ്ക്ക് ചെയ്ത തൈര്, ലസ്സി, പനീര്‍, മോര് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് എസ്.പി അധ്യക്ഷന്റെ പ്രതികരണം.

ഛണ്ഡീഗഡില്‍ കഴിഞ്ഞ മാസം നടന്ന രണ്ട് ദിവസത്തെ ജി.എസ്.ടി കൗണ്‍സിലിന്റെ 47-ാമത് യോഗത്തിലാണ് ജി.എസ്.ടി നിരക്കുകള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മൈദ, പാല്‍, തൈര്, പനീര്‍ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും, അരി ഗോതമ്പ് എന്നിവ ഉള്‍പ്പെടെ പാക്ക് ചെയ്യാത്തവയും അഞ്ച് ശതമാനമെന്ന നിരക്കിന് കീഴില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു യോഗം.

സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പ്രതിദിനം ആയിരം രൂപയോ അതില്‍ താഴെയോ ഈടാക്കുന്ന ഹോട്ടലുകള്‍ എന്നിവ 12% എന്ന നിരക്കിന് കീഴില്‍ വരുമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: If akhilesh yadav was the cm he would have looted the state says bjp chief