വെളുത്ത നിറമുള്ള ഒരാൾ വെളുത്ത നിറത്തിൽ ഇരുന്നാൽ മാത്രം മതി കറുത്ത നിറമുള്ള ഒരു മനുഷ്യൻ തെളിയിച്ചു കൊടുക്കണം ദിനംപ്രതി അവന്‍റെ സൗന്ദര്യം
FB Notification
വെളുത്ത നിറമുള്ള ഒരാൾ വെളുത്ത നിറത്തിൽ ഇരുന്നാൽ മാത്രം മതി കറുത്ത നിറമുള്ള ഒരു മനുഷ്യൻ തെളിയിച്ചു കൊടുക്കണം ദിനംപ്രതി അവന്‍റെ സൗന്ദര്യം
വിഷ്ണു വിജയന്‍
Friday, 4th September 2020, 6:31 pm

● തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ നിറത്തിന്‍റെ, രൂപത്തിന്‍റെ പേരിൽ വലിയ തോതിൽ പരിഹാസം നേരിടേണ്ടി വന്നയാളാണ് തമിഴ് സൂപ്പർ താരം വിജയ്.

തമിഴിലെ ഒരു പ്രമുഖ മാഗസിൻ അക്കാലത്ത് തികത്ത വംശീയതയിൽ വിജയ് യെ കുറിച്ച് എഡിറ്റോറിയൽ വരെ എഴുതി കളഞ്ഞു.

അവിടെ നിന്നാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഏറ്റവുമധികം ആരാധകരുള്ള, തെന്നിന്ത്യൻ ഇൻഡസ്ട്രിയെ തന്നെ സ്വാധീനിക്കാൻ കഴിയുന്ന താരമായി അയാൾ ഉയർന്നു വന്നത്.

● ഏകദേശം പതിമൂന്ന് വർഷം തുടർച്ചയായ പരിശ്രമങ്ങൾ കൊണ്ട് സിനിമയിൽ ഇടം നേടിയ ആളാണ് വിജയ് സേതുപതി. ഇന്ന് തമിഴ് സിനിമ എന്നാൽ വിജയ് സേതുപതി കൂടിയാണ്.

● കരിയറിൻ്റെ ആരംഭ കാലത്ത് ബോഡി ഷെയ്മിംഗ് ഉൾപ്പെടെ നിരന്തര ഓഡിറ്റിങിന് ഇരയാകേണ്ടി വന്ന അതെല്ലാം തള്ളി കളഞ്ഞു മുൻപോട്ട് പോയ ആളാണ് ധനുഷ്.

മേൽപ്പറഞ്ഞ മൂന്നു പേരും തെന്നിന്ത്യയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള നടൻമാർ,
തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ തന്നെ നിയന്ത്രിക്കാൻ കഴിയുന്ന താരങ്ങളാണ്.

ഇത്രയും പറഞ്ഞത്.

കലാ – കായിക മേഖലയിൽ ഉള്ളവരുടെ കണക്ക് എടുത്ത് ’50 Most Desirable men in India’ എന്ന പേരിൽ ദ ടൈംസ് മാഗസിൻ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു, ഓൺലൈൻ വോട്ടിങ് വഴി ആണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് മാഗസിൻ,

തെന്നിന്ത്യയിൽ നിന്ന് ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, നിവിൻ പോളി, രാം ചരൺ തുടങ്ങിയ ആളുകളുണ്ട്, പക്ഷെ ആ ലിസ്റ്റിൽ മേൽപ്പറഞ്ഞ ആളുകൾ ആരും തന്നെ ഇല്ല, അവർ അങ്ങനെ ഇടം പിടിക്കില്ല,

കാരണം ഈ ലിസ്റ്റ് വെറുതെ സംഭവിക്കുന്നതല്ല.

………………………………………………………………

കണ്ടാലും മതി ഒരു പൃഥ്വിരാജ് വന്നേക്കുന്നു, അതല്ലെങ്കിൽ കണ്ടാൽ തന്നെ ദുൽഖർ സൽമാൻ്റെ ലുക്ക് ഉണ്ട്,

നമ്മുടെ പൊതുബോധ സൗന്ദര്യ സങ്കല്പത്തിൽ നിന്ന് മനുഷ്യരെ നാം ഓഡിറ്റ് ചെയ്യുന്നത് ഇങ്ങനെയാണ്.

ഒന്നെങ്കിൽ ദുൽഖർ സൽമാൻ ലെവലിൽ ( ടോവിനോ, ഫഹദ്, പൃഥ്വിരാജ്, എന്നിങ്ങനെ സൗകര്യാർത്ഥം മാറ്റി ചേർക്കാവുന്നതാണ്) ആയിക്കൊള്ളണം, അല്ലെങ്കിൽ അത്തരം താരതമ്യം വെച്ചുള്ള തമാശകൾക്ക് ഇരയായി കൊള്ളണം,

ആരാണ് ഈ നമുക്കിടയിൽ ഈ ലിസ്റ്റുകൾ തയ്യാറാക്കി എടുക്കുന്നത്, എന്താണ് ഇതിന്റെ മാനദണ്ഡം. എന്തുകൊണ്ടാണ് ധനുഷ്, വിജയ്, വിജയ് സേതുപതി, വിനായകൻ എന്നൊന്നും ഇതിന്റെ ഏഴയലത്ത് പോലും വരാതെ പോകുന്നത്.

അതൊന്നും നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ ഏഴയലത്ത് പോലും
എത്തിയിട്ടില്ല എന്നത് തന്നെയാണ്.

കാരണം നമ്മുടെ മാനദണ്ഡങ്ങൾ വംശീയതയിൽ തയ്യാറാക്കി എടുക്കുന്നവ ആണല്ലോ. മറുവശത്ത് താനൊരു സേതുപതി ആണെന്ന് പറയാൻ പോലും കഴിയാത്ത വിധം കറുത്ത ശരീരമുള്ള മനുഷ്യർ മടിക്കുകയും ചെയ്യും, അത്രമേൽ ആഴത്തിലാണ് ഇതിന്റെ വേര്.

അന്താരാഷ്ട്ര ബ്രാൻഡുകൾ മുതൽ അങ്ങാടിയിലെ ഫ്ളക്സ് ബോർഡിൽ വരെ മേൽപ്പറഞ്ഞ താരങ്ങളെ ഉപയോഗിച്ച് നിർമ്മിച്ച് നിലനിർത്തി പോരുന്ന മാർക്കറ്റ് സ്ട്രാറ്റജിയുടെ ഭാഗമായി തുടരുന്ന വെളുപ്പിൻ്റെ ലോകത്ത്
ഒരു പകൽ മുഴുവൻ കടന്നു പോകുന്ന കറുത്ത മനുഷ്യർക്ക് സ്വയം അപകർഷതാബോധം ഉണ്ടായില്ലെങ്കിൽ അത്ഭുതപ്പെടേണ്ടതുള്ളു.

വെളുത്ത നിറമുള്ള ഒരാൾ വെളുത്ത നിറത്തിൽ ഇരുന്നാൽ മാത്രം മതി കറുത്ത നിറമുള്ള ഒരു മനുഷ്യൻ തെളിയിച്ചു കൊടുക്കണം ദിനംപ്രതി അവൻ്റെ സൗന്ദര്യം,

വ്യക്തിജീവിതത്തിലെ അതിജീവനങ്ങൾക്കും ഒപ്പം ഇതിനെതിരെ കൂടി ഫൈറ്റ് ചെയ്യേണ്ടി വരുന്നിടത്താണ് പൊതുബോധം പടച്ചു വിടുന്ന പാഴുകൾക്ക് വേണ്ടി കൂടി സമയം പാഴാക്കേണ്ടി വരുന്നിടത്താണ് ‘കറുപ്പ്’ ഒരു പൊളിറ്റിക്കൽ ഐഡന്റിറ്റി കൂടിയായി തീരുന്നത്.

………………………………………………………………

എന്നെപ്പോലുള്ള ഇരുണ്ട നിറമുള്ളവര് താരങ്ങളാകുന്നില്ല. നമ്മുടെ രാജ്യത്തിന്റെ മാനസികാവസ്ഥയുടെ പ്രശ്നമാണ് ഇരുനൂറു കൊല്ലത്തെ കോളനിവാഴ്ച്ചയുടെ കൂടി ഫലമായിരിക്കും അതെന്ന്.

കരിയറിന്റെ തുടക്കത്തില് ഇരുണ്ട നിറം തനിക്ക് നിരവധി വേഷങ്ങള് നഷ്ടമാക്കിയ അനുഭവത്തിൽ നിന്ന് നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞ വാക്കുകൾ ഇവിടെയാണ് പ്രസക്തമാകുന്നത്.

കൊളോണിയൽ കാലത്തെ ഗൃഹാതുരത്വമോ, വരേണ്യ ബോധമോ, എന്ത് തന്നെയായാലും മേൽപ്പറഞ്ഞ ലിസ്റ്റ് തയ്യാറാക്കി എടുക്കുന്നത് തികഞ്ഞ വംശീയ ബോധത്തിൽ നിന്നാണ്‌.

അതുകൊണ്ട് തന്നെയാണ് ചിലർ അതിൽ വരാതെ പോകുന്നത്.

ഇനി മറ്റൊന്ന് കൂടി ഓർത്തോളൂ,

അതിനു രണ്ടാമതൊരു കാരണം കൂടിയുണ്ട് അവർ ആ ലിസ്റ്റിൽ വരില്ല, അവർ അതിൽ ഒതുങ്ങി നിൽക്കില്ല കാരണം ഇതിനെയെല്ലാം ജീവിതം കൊണ്ട് പൊരുതി നേരിട്ട് വന്നവർ/വരുന്നവർ കൂടിയാണ് അക്കൂട്ടർ…

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: If a white man is white enough, a black man must prove his beauty 50 Most Desirable men in India vishnu vijayan Write