ഇടുക്കി: ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ലാന്റിങ് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് പോയി.
മുഖ്യമന്ത്രി എത്തിയ ശേഷം ആരംഭിക്കാനിരുന്ന അവലോകന യോഗം മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ആരംഭിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്ന് രാവിലെ ഏഴ് മണിക്കാണ് പുറപ്പെട്ടത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
ആറ് സ്ഥലങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് സന്ദര്‍ശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു.
ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനനുവദിച്ചാല്‍ ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാര്‍: ദലൈ ലാമ
ഇടുക്കിയില്‍ ആദ്യം എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയകുറവ് രേഖപ്പെടുത്തി. അഞ്ച് ഷട്ടറുകളും തുറന്നതും നീരൊഴുക്ക് കുറഞ്ഞതുമാണ് ജലനിരപ്പ് കുറയാന്‍ സഹായകരമായത്. 2401.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2400 അടിയാകുന്നതുവരെ തുറന്ന ഷട്ടറുകള്‍ അടയ്ക്കില്ല.
അതേസമയം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
അഞ്ചു ഷട്ടറുകളും തുറന്നതിനു പിന്നാലെ പെരിയാറിന്റെ തീരത്തുനിന്ന് 6500 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചെറുതോണി ടൗണും ബസ് സ്റ്റാന്റും അടക്കം വെള്ളക്കെട്ടിലാണ്. ബസ് സ്റ്റാന്റില്‍ ആറടി താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്.
എന്നാല്‍ അണക്കെട്ട് തുറന്നിട്ടും പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരാത്തത് ആശ്വാസമായി. വേലിയിറക്ക സമയത്ത് ഷട്ടര്‍ തുറന്നതിനാലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാതിരുന്നത്. ജലനിരപ്പ് രണ്ടടി ഉയര്‍ന്നെങ്കിലും നാശനഷ്ടങ്ങളൊന്നും തന്നെ കാര്യമായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.