ബെന്‍സ് കാറും എട്ട് ടിപ്പര്‍ ലോറികളും; കൊവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഷോയുമായി നിശാപാര്‍ട്ടി കേസ് പ്രതി റോയ് കുര്യന്‍, കേസെടുത്ത് പൊലീസ്
Kerala News
ബെന്‍സ് കാറും എട്ട് ടിപ്പര്‍ ലോറികളും; കൊവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഷോയുമായി നിശാപാര്‍ട്ടി കേസ് പ്രതി റോയ് കുര്യന്‍, കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 5:19 pm

ഇടുക്കി: കൊവിഡ് നിയന്ത്രണം ലംഘിച്ച് തണ്ണിത്തോട്ട് നിശാപാര്‍ട്ടി കേസ് പ്രതിയുടെ റോഡ് ഷോ. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സ് ഉടമ റോയ് കുര്യനെതിരെ കേസെടുത്തു.

എട്ട് ലോറികളുമായാണ് റോയ് റോഡ് ഷോ നടത്തിയത്. അപകടകരമായി വാഹനമോടിച്ചതിന് ലോറി ഡ്രൈവര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

കോതമംഗലത്താണ് റോഡ് ഷോ നടത്തിയത്. ഇന്നലെയാണ് റോയിയ്ക്ക് ഏഴ് പുതിയ ടിപ്പര്‍ ലോറികളും ബെന്‍സ് കാറും ഡെലിവറി ചെയ്ത് കിട്ടുന്നത്. അതിനോടനുബന്ധിച്ച് ഇന്ന് കോതമംഗലത്ത് ഈ വാഹനങ്ങളുടെ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു.

ഭൂതത്താന്‍ കെട്ട് ഡാമിനടുത്തായിരുന്നു ഫോട്ടോഷൂട്ട്. അതിന് ശേഷമാണ് ഡാമിനടുത്ത് നിന്നും കോതമംഗലം വരെ റോഡ് ഷോ നടത്തിയത്.

ബെന്‍സ് കാറിന് മുകളിലിരുന്ന് നാട്ടുകാരെ കൈ വീശി കാണിച്ചാണ് റോയ് കുര്യന്‍ യാത്ര ചെയ്തത്. ഇതിന് പിറകിലായിട്ടായിരുന്നു ലോറികള്‍ സഞ്ചരിച്ചത്.

ഏഴ് പുതിയ ടിപ്പര്‍ ലോറികള്‍ക്കൊപ്പം ഒരു പഴയ ടിപ്പര്‍ ലോറിയും റോഡ് ഷോയിലുണ്ടായിരുന്നു. റോഡ് ഷോ കോതമംഗലം ടൗണ്‍ കഴിഞ്ഞുപോകുന്നതിനിടെയാണ് പൊലീസെത്തി ഇവര്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ രാജാപ്പാറയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയതിനും റോയ് കുര്യനെതിരെ കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ