| Friday, 27th March 2020, 7:54 pm

'ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്,ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്'; കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിമാലി: ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഇടുക്കിയില്‍ കൊവിഡ് 19 സ്ഥിരികരിച്ച പൊതുപ്രവര്‍ത്തകന്‍. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനാണ് അഭ്യര്‍ത്ഥന നടത്തിയത്.

അഭ്യര്‍ഥന

ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.

We use cookies to give you the best possible experience. Learn more