ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവ് രേഖപ്പെടുത്തിയത്. ഒരു പരിശാധനാ ഫലം കൂടി വരാനുണ്ട്. അതും നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാം.
അതേസമയം, ഇദ്ദേഹവുമായി അടുത്തിടപഴകിയ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. മറ്റുള്ളവരുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ത്തന്നെ ലഭിക്കും.
പൊതുപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യ സ്രവ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാമതും സ്രവം പരിശോധനയ്ക്ക് അയച്ചതിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.