പണിക്കന്‍കുടി: യുവതിയുടെ മൃതദേഹം അയല്‍വാസി അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. വസ്ത്രം പൂര്‍ണമായും മാറ്റിയിരുന്നു.
മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
അതേസമയം, കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം രംഗത്തെത്തി.
സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മൃതദേഹം കണ്ടെത്തിയ അടുക്കളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും അന്വേഷിച്ചില്ലെന്നും ആഗസ്റ്റ് 16ന് മാത്രമാണ് ബിനോയി ഒളിവില്‍ പോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇടുക്കി പണിക്കന്‍കുടിയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധുവിന്റെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അയല്‍വാസി ബിനോയ് ഒളിവിലാണ്.