നെടുങ്കണ്ടം കസ്റ്റഡി മരണം: വിശ്രമമുറിയില്‍വച്ച് മര്‍ദ്ദിച്ചെന്ന് സൂചന; നാല് പൊലീസുകാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: വിശ്രമമുറിയില്‍വച്ച് മര്‍ദ്ദിച്ചെന്ന് സൂചന; നാല് പൊലീസുകാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2019, 8:58 am

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെതാണ് നടപടി. നിലവില്‍ 17 പൊലീസുകാര്‍ക്കെതിരെയാണ് അന്വേഷണ വിധേയമായി നടപടി എടുത്തിരിക്കുന്നത്.

വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ ആണ് പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കെ കൊല്ലപ്പെട്ടത്. സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു.
തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല. അന്വേഷണവിധേയമായി അഞ്ചുഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്.പി സംഭവം അറിഞ്ഞിരുന്നോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്കുമാറിനെ സ്റ്റേഷനില്‍വച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണമുയരുന്നത്. വിശ്രമമുറിയില്‍വച്ച് രാജ്കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്ത് വിശ്രമ മുറിയിലെ സിസിടിവി ഓഫ് ആയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

പീരുമേട് ജയിലില്‍ വെച്ച് പ്രതി രാജ്കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പീരുമേട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ്കുമാര്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. മൃതദേഹം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപണവും ഉയരുന്നുണ്ട്.