സഭയോട് സഹകരിക്കുന്ന സ്ത്രീ, പുരുഷന്മാര്‍ പ്രത്യുല്‍പ്പാദന ശേഷിയുടെ അവസാന നിമിഷം വരെയും കുട്ടികളെ ജനിപ്പിക്കാനും തയ്യാറാകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
ഇടുക്കി: കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സര ബുദ്ധി കാട്ടണമെന്ന ഇടുക്കി രൂപതയുടെ ഇടയലേഖനത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത്.
സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദന ശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ തയ്യാറകണമെന്ന് ആവശ്യപ്പെട്ട് മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പേരില്‍ ഇടുക്കി രൂപതയുടെ മുഖപത്രമായ സത്യനാദത്തില്‍ പ്രസിദ്ധപ്പെടുത്തിയ സര്‍ക്കുലറാണ് വിവാദമായത്.
കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ ഏറെയായി ചില അഹങ്കാരികള്‍ ജനസംഖ്യ നിയന്ത്രണത്തിന്റെ പേരില്‍ മനുഷ്യനിലെ വന്ധ്യംകരണത്തിനായി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞത്.
തനിക്ക് ശേഷം ആരും പിറക്കേണ്ടെന്ന് ചിന്തിക്കുന്ന അഹങ്കാരികളും സ്വാര്‍ത്ഥരുമാണ് ഇതിന് പിന്നിലെന്നും. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനന നിയന്ത്രണങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണമായ ഭാവി ജീവിതമായിരിക്കുമെന്നും ബിഷപ്പ് താക്കീത് ചെയ്തിരുന്നു.
സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ദൈവവിശ്വാസം കുറയുകയും ചെയ്തതാണ് കുട്ടികള്‍ കുറയാന്‍ കാരണം. സഭയോട് സഹകരിക്കുന്ന സ്ത്രീ, പുരുഷന്മാര്‍ പ്രത്യുല്‍പ്പാദന ശേഷിയുടെ അവസാന നിമിഷം വരെയും കുട്ടികളെ ജനിപ്പിക്കാനും തയ്യാറാകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
വലിയ കുടുംബങ്ങള്‍ക്കായി വിവിധ പ്രസ്ഥാനങ്ങള്‍ ആശയപ്രചരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ വിശ്വാസികള്‍ മത്സര ബുദ്ധിയോടെ മുന്നോട്ട് വരണം. നിങ്ങള്‍ പെരുകണം, നിങ്ങളുടെ സംഖ്യ കുറഞ്ഞ് പോകരുതെന്ന ബൈബിള്‍ വചനത്തോടെയാണ് ഇടയലേഖനം അവസാനിക്കുന്നത്.
എന്നാല്‍ 20 മില്യന്‍ അനാഥക്കുട്ടികള്‍ ഉള്ള ഇന്ത്യയില്‍ അവര്‍ക്ക് “ജീവിതം” കൊടുത്തിട്ടു മതി ഇനിയും രണ്ടോമൂന്നോ എണ്ണത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് “ജീവന്‍” കൊടുക്കാനാണ് ഇതിനെതിരെ രംഗത്തെത്തുന്നവരുടെ വാദം.
134 കോടിക്ക് അപ്പുറത്തേക്ക് വളര്‍ന്ന ഇന്ത്യയുടെ ജനം ആഗോള കാലാവസ്ഥാമാറ്റത്തിന് കീഴില്‍ പ്രകൃതിവിഭവങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടമോടാന്‍ തുടങ്ങിയ കാലത്ത് കുറയ്ക്കാന്‍ കഴിയുന്നത് ജനപ്പെരുപ്പമാണ്, പ്രകൃതിവിഭവങ്ങള്‍ അല്ലെന്നും വിമര്‍ശകര്‍ പറയുന്നു.
വെറുതെ പെറ്റുകൂട്ടാന്‍ മനുഷ്യന്‍ വിശേഷബുദ്ധിയില്ലാത്ത മൃഗമല്ല. ബോധപൂര്‍വ്വം ഉത്തരവാദിത്വത്തോടും സാമൂഹ്യപ്രതിബദ്ധതയോടും കൂടി കുഞ്ഞുങ്ങളെ ജനിപ്പിച്ച് അവര്‍ക്ക് മാന്യമായ ഒരു ജീവിതം കൊടുത്തുവളര്‍ത്തുന്നതാണ് “ഉത്തരവാദിത്വപൂര്‍വ്വമായ രക്ഷാകര്‍ത്തിത്വം”.
മതം വളര്‍ത്താന്‍ ആരും പെറ്റുകൂട്ടേണ്ടതില്ല. അങ്ങനെ വളരുന്നത് മതമല്ല, ജാതിയും വര്‍ഗ്ഗവും ആണ്. മതം വളരുന്നത് മന:പരിവര്‍ത്തനത്തിലൂടെയാണ്.
വംശം നിലനിര്‍ത്താന്‍ പ്രകൃതിയോട് മത്സരിച്ച മനുഷ്യന്റെ കാലമല്ല ഇത്. സ്വയം നിലനില്‍ക്കാന്‍ ഇനി പ്രകൃതിയെ ആശ്രയിക്കേണ്ട മനുഷ്യന്റെ കാലമാണ്. അതുകൊണ്ട് “”ബോധപൂര്‍വ്വം പെരുപ്പം നിയന്ത്രിച്ച് പ്രകൃതിയെ സംരക്ഷിച്ച് ജീവിക്കൂ.”” (ഉല്‍പ്പത്തിയുടെ രണ്ടാം പുസ്തകം) എന്ന് പറഞ്ഞുകൊണ്ടാണ് ജിജോ കുര്യന്‍ എന്ന ഇടുക്കിക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്.