| Thursday, 28th July 2022, 9:00 pm

ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം; ഇക്കൊല്ലം ക്ലാസുകള്‍ ആരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. 100 കുട്ടികള്‍ക്കുള്ള ബാച്ചിനുള്ള അംഗീകാരമാണ് ലഭിച്ചത്. ഇക്കൊല്ലം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

2013 ലാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം നടന്നത്. അതിനു ശേഷം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായെന്ന റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥി പ്രവേശനത്തിന് ആദ്യം അനുമതി നിഷേധിച്ചത്.

എന്നാല്‍ ആ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മീഷന് പിന്നീട് സമര്‍പ്പിക്കുകയായിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി മാസമാദ്യം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പരിശോധന നടത്തി. പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

അധ്യാപകരുടെയും റെസിഡന്റ് ട്യൂട്ടര്‍മാരുടെയും എണ്ണത്തിലുള്ള കുറവും ഹോസ്റ്റല്‍, ലൈബ്രറി, പരിശോധന ഉപകരണങ്ങള്‍ എന്നിവയുടെ കുറവുമാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.

ഇവ പരിഹരിച്ച ശേഷം വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടന്നാണ് അംഗീകാരം ലഭിച്ചത്. ആരോഗ്യ സര്‍വ്വകലാശാലയുടെയും സര്‍ക്കാരിന്റെയും തീരുമാനം വന്നാല്‍ ഈ വര്‍ഷം തന്നെ 100 കുട്ടികള്‍ക്ക് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പഠനം തുടങ്ങാനാകും.

ഇടുക്കി വികസന കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തിലായിരുന്നു വിശദമായ റിപ്പോര്‍ട്ട് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് സമര്‍പ്പിച്ചത്.

2014 സെപ്റ്റംബര്‍ 18നാണ് ഇടുക്കിയുടെ സ്വപ്നം സഫലമാക്കി കൊണ്ട് മെഡിക്കല്‍ കോളേജ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. അന്ന് നിലവിലുണ്ടായിരുന്ന ഇടുക്കി ജില്ലാ ആശുപത്രിയാണ് മെഡിക്കല്‍ കോളേജാക്കി മാറ്റിയത്. അടുത്ത രണ്ട് വര്‍ഷം 50 വിദ്യാര്‍ത്ഥികള്‍ വീതം പഠനവും നടത്തി. 2017ലാണ് മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തി അടച്ചുപൂട്ടിയത്.

Content Highlight: Idukki medical college gets accreditation from National Medical Commission

We use cookies to give you the best possible experience. Learn more