വിലക്കുറവ്: തേയില കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു
Kerala
വിലക്കുറവ്: തേയില കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 9:12 am

തൊടുപുഴ: ഇടുക്കിയിലെ ചെറുകിട തേയില കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. വിലക്കുറവും രാസവളത്തിന്റെ വില വര്‍ധനവുമാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നത്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ തേയിലയുടെ ഉത്പാദനം രണ്ട് വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറഞ്ഞു. []

തേയിലയ്ക്ക് ഉയര്‍ന്ന വില നില്‍ക്കുമ്പോഴും ഒരു കിലോ കൊളുന്തിന് കര്‍ഷകന് ലഭിക്കുന്നത് വെറും പന്ത്രണ്ട് രൂപയാണ്. ഇതില്‍ തന്നെ നാല് രൂപ കൊളുന്തു നുള്ളുന്ന തൊഴിലാളിക്ക് കൊടുക്കണം.

ഏറ്റവും കുറഞ്ഞത് ആറ് രൂപയെങ്കിലും കീടനാശിനിയുള്‍പ്പെടെയുള്ള കൃഷിച്ചെലവിനാകും. ഇതിനിടെ വളത്തിന്റെ വിലയും വര്‍ധിച്ചതോടെ നഷ്ടം ഇരട്ടിച്ചു. ഇതോടെ തേയില പറിച്ചുകളഞ്ഞ് ഏലവും കുരുമുളകും പോലുള്ള കൃഷിയിലേക്ക് തിരിയുകയാണ് ഇടുക്കിയിലെ കര്‍ഷകര്‍.

കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ ഇടുക്കിയില്‍ നിന്നുള്ള തേയിലയുടെ ഉത്പാദനം പകുതിയായി കുറഞ്ഞു. ചായയെ ദേശീയ പാനീയമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിനിടെയാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

തേയില കൃഷി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിതം പുലര്‍ത്താനുള്ള ശ്രമത്തിലാണ് ഇടുക്കിയിലെ കര്‍ഷകര്‍.