Kerala News
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 28, 02:06 pm
Saturday, 28th July 2018, 7:36 pm

ഇടുക്കി: മഴ ശമിച്ചെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമനുസരിച്ച് 2393 അടിയാണ് നിലവിലെ ജലനിരപ്പ്.

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം.എം മണി നേരത്തെ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ: “നെഹ്‌റുവിന്റെയും ഇന്ദിരയുടെയും പേര് പറഞ്ഞാല്‍ കൈപ്പത്തിയ്ക്ക് കുത്തുന്ന കാലമല്ല”; കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ചിദംബരം

അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.

2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

അതേസമയം മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 135.9 അടിയിലാണ് മുല്ലപ്പെരിയാറില്‍ വെള്ളമുള്ളത്.

WATCH THIS VIDEO: