| Monday, 30th July 2018, 8:15 am

ഇടുക്കിയില്‍ ജലനിരപ്പ് 2394.58 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2394.58 അടിയാണ് ജലനിരപ്പ്. 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

അണക്കെട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ നേരത്തേ തുറക്കാനാണ് തീരുമാനം.

2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും.

ALSO READ: ശ്രീധരന്‍പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റായേക്കുമെന്ന് റിപ്പോര്‍ട്ട്

34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കന്‍ഡില്‍ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.

അതേസമയം ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണിയും വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more