ചൂട് കൂടി; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 8:54 am
ചെറുതോണി: കേരളത്തിൽ ചൂട് കൂടി വരുന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പോയിന്റ് 30 അടിയോളം താഴ്ന്നു. ഇപ്പോൾ പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്.
അതേസമയം കഴിഞ്ഞ വർഷത്തെ ജലത്തിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോൾ ജലനിരപ്പ് കൂടിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ചെറുതോണി ഭാഗത്ത് 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചിട്ടുണ്ട്.
വേനല്‍ മഴ ലഭിക്കാതെ വരികയും ചൂട് തുടരുകയും ചെയ്താൽ വൈദ്യുതി ഉത്പാദനം ഇനിയും കാര്യമായി കുറഞ്ഞേക്കുമെന്ന ആശങ്ക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.