| Friday, 5th October 2018, 9:15 pm

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും; ആദ്യം തുറക്കുന്നത് ഒരു ഷട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറുതോണി: ഇടുക്കി അണക്കെട്ട് ഇന്നു രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറാണ് ആദ്യം തുറക്കുക. ഷട്ടര്‍ തുറന്ന് 50 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ജില്ലാകലക്ടറുടെ അനുമതിയോടെയാണ് നടപടി. അണക്കെട്ടില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയിലെ കണക്ക് അനുസരിച്ച് 2387.68 അടി വെള്ളമുണ്ട്. ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനമുണ്ടായിരുന്നതിനാല്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്.  അണക്കെട്ടിലെ ജലനിരപ്പിന്റെ തോത് ഒരോമണിക്കൂറിലും നിരീക്ഷിച്ചുവരികയാണെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കക്കയം, ആനത്തോട്, കൊച്ചുപമ്പ, മൂഴിയാര്‍ ഡാമുകള്‍ തുറന്നു. തെന്മല പരപ്പാര്‍, ചിമ്മിനി ഡാമുകളുടെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയുടെ 21 ഷട്ടറുകള്‍ തുറക്കുകയും പൊഴി വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more