| Thursday, 9th August 2018, 12:36 pm

ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ തുടങ്ങി: അണക്കെട്ട് തുറന്നു വിടുന്നത് നാലു മണിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇടുക്കി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ഇടുക്കി തടാകത്തിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടറാണ് തുറക്കുന്നത്. ഷട്ടര്‍ 50 സെന്റി മീറ്ററായിരിക്കും ഉയര്‍ത്തുക. നാലു മണിക്കൂറാണ് അണക്കെട്ട് തുറന്നു വിടുന്നത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുക.

1992ലാണ് അണക്കെട്ട് അവസാനമായി തുറന്നത്. 26 വര്‍ഷത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്.   ജലനിരപ്പ് വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പന്ത്രണ്ടുമണിക്ക് ജലനിരപ്പ് 2398.88 അടിയായി രേഖപ്പെടുത്തി. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

Read:  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മോഹന്‍ലാല്‍ വ്യക്തിപരമായ കണക്കുതീര്‍ക്കലിന് ദുരുപയോഗപ്പെടുത്തിയതായി ആക്ഷേപം

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിളിച്ചു അടിയന്തര യോഗത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനമെടുക്കാനുള്ള നിര്‍ദേശം വിവിധ വകുപ്പുകള്‍ക്ക് കൈമാറി.

We use cookies to give you the best possible experience. Learn more