| Tuesday, 19th October 2021, 11:17 am

ഇടുക്കി ഡാം തുറന്നു; ആദ്യം തുറന്നത് മൂന്നാമത്തെ ഷട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ : മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. രണ്ട് നാല് ഷട്ടറുകള്‍ കൂടി അല്‍പ്പസമയത്തിനകം തുറക്കും. അതേസമയം പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണി ടൗണിലാണ് ആദ്യം എത്തുക.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിയന്ത്രിതമായ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്.

ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഡാം തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു. അപകടമേഖലകളിലുള്ള ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. അല്ലാത്തവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി.

ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കും. എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.

ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറന്ന് അഞ്ചു മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്താനാണ് തീരുമാനം. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ഷട്ടറുകള്‍ തുറക്കുന്നത്.

അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 – 6 മണിക്കൂറിനുള്ളില്‍ കാലടി – ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തുന്നതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്‌ലാ വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും.

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. തുടര്‍ന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ ചേരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Idukki dam Open

We use cookies to give you the best possible experience. Learn more