| Sunday, 29th July 2018, 10:13 pm

അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആരും പരിഭ്രാന്തരാകേണ്ട; സേനാ വിഭാഗങ്ങള്‍ സജ്ജമെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അതാത് സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും. കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു”. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.


Read Also : ഉരുള്‍പൊട്ടലിന് സാധ്യത; മലയോരമേഖലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി


“സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു Mi17V ഹെലികോപ്ടറും ALH ഹെലികോപ്ടറും സദാ സജ്ജമാക്കി വെച്ചിരിക്കുന്നു. നാവികസേനയെയും കരസേനയുടെ നാല് കോളം പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും തയ്യാറാണ്”. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണിയും വ്യക്തമാക്കി.

അതേസമയം ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറന്നാല്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവരും ഈ നിര്‍ദേശം പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ പരിഭ്രാന്തരാവരുതെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ മറ്റ് ജില്ലകളിലുള്ളവര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് വിനോദ സഞ്ചാരം ഒഴിവാക്കുന്നതാണ് നല്ലതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more