നെടുങ്കണ്ടം കസ്റ്റഡി മരണം: മരണ കാരണം മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala
നെടുങ്കണ്ടം കസ്റ്റഡി മരണം: മരണ കാരണം മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 8:10 am

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. രാജ്കുമാറിന്റെ മരണം ന്യുമോണിയമൂലമാണെങ്കിലും അതിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം. കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. രണ്ട് കാലുകള്‍ക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടര്‍ന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷിയായ ആലിസ് പറഞ്ഞു. 16ാം തിയതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിലും വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നുണ്ട്. രാജ്കുമാറിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് അസിസ്റ്റന്റ് പൊലീസ് സര്‍ജനും ബിരുദ വിദ്യാര്‍ത്ഥിയുമാണ്. കസ്റ്റഡി മരണം പോലെയുള്ള കേസുകളില്‍ പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് ചട്ടം.

വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കെയാണ് കൊല്ലപ്പെട്ടത്. രാജ്കുമാറിനെ സ്റ്റേഷനില്‍വച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. വിശ്രമമുറിയില്‍വച്ച് രാജ്കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്ത് വിശ്രമ മുറിയിലെ സിസിടിവി ഓഫ് ആയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

പീരുമേട് ജയിലില്‍ വെച്ച് പ്രതി രാജ്കുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പീരുമേട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജ്കുമാര്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ 17 പൊലീസുകാര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടി എടുത്തിട്ടുണ്ട്.