| Tuesday, 12th February 2019, 5:11 pm

മൂന്നാറിലേത് അനധികൃത നിര്‍മ്മാണം തന്നെ; രേണുരാജിനെ പിന്തുണച്ച് സര്‍ക്കാരിന് കളക്ടറുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: എസ്.രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിനെ പിന്തുണച്ചു കളക്ടറുടെ റിപ്പോര്‍ട്ട്. മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിച്ചാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണു നടന്നതെന്നും ഇടുക്കി കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി.

പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്താണ് വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നത്. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു. മുതിരപ്പുഴയാറിന് ഇരു ഭാഗത്തേക്കും 50 മീറ്റര്‍ അകലെ മാത്രമെ നിര്‍മ്മാണം അനുവദിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

ALSO READ: അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

എന്നാല്‍ മുതിരപ്പുഴയാറില്‍നിന്ന് ഏകദേശം ആറു മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നത്.

പാര്‍ക്കിങ് ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്ത് 10 മുറിയുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ തീര്‍ന്നിട്ടുണ്ട്. തെക്കുഭാഗത്ത് 10 മുറികളുള്ള കെട്ടിടത്തിന്റെ പണികള്‍ തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവിനു വിരുദ്ധമായി, പുഴ പുറമ്പോക്കില്‍നിന്ന് 50 മീറ്റര്‍ ദൂരപരിധി പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ അതു വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുംമെന്നും റവന്യൂ സെക്രട്ടറിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ ചൂണ്ടിക്കാട്ടി.




പൊതുജന മധ്യത്തില്‍ തന്നെപറ്റി ദേവികുളം എം.എല്‍.എ മോശമായി സംസാരിക്കുകയും ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവഹേളിച്ചുവെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റവന്യൂ വകുപ്പിന്റെ അനമുതിയില്ലാതെയുള്ള കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയ രേണുരാജിനെ സ്ഥലം എം.എല്‍.എ എസ്.രാജേന്ദ്രന്‍ അധിക്ഷേപിച്ചതു വിവാദമായിരുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് എം.എല്‍.എയ്‌ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍:

“മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്നതുവരെ നിര്‍മാണം നടത്താന്‍ കഴിയില്ല എന്ന് സബ്കലക്ടര്‍ അറിയിച്ചു. അന്നേദിവസം ഉച്ചയ്ക്കു ദേവികുളം എംഎല്‍എ റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ എത്തുകയും നിരോധന ഉത്തരവ് നല്‍കിയ നടപടി ശരിയല്ലെന്നും അറിയിച്ചു.

നിയമപരമായി അത് അനുവദിക്കാനാകില്ലെന്നു സബ് കലക്ടര്‍ പറഞ്ഞെങ്കിലും അദ്ദേഹം മുഖവിലയ്‌ക്കെടുത്തില്ല. നിരോധന ഉത്തരവ് ലഭിച്ചശേഷവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അറിഞ്ഞതിനെത്തുടര്‍ന്നു സബ് കലക്ടര്‍ ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചു. അവിടെ ഉണ്ടായിരുന്ന കരാറുകാരനും പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചു, പണി തുടര്‍ന്നു.

പഞ്ചായത്ത് സെക്രട്ടറിയെ സബ്കലക്ടര്‍ ഫോണില്‍ വിളിച്ച് പണി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. പൊലീസ് ഇടപെടലില്‍ പണി നിര്‍ത്തി. എന്നാല്‍ ദേവികുളം എംഎല്‍എ സ്ഥലത്തെത്തി പണി പുനഃരാരംഭിക്കാന്‍ നിര്‍ദേശിക്കുകയും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ശകാരിക്കുകയും പണി ആരു തടയും എന്നു വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന്, സബ്കലക്ടറെ ഫോണില്‍വിളിച്ച് കെട്ടിടം പണി നിര്‍ത്തി വയ്ക്കുന്നതിന് ആരാണ് അധികാരം തന്നതെന്നു ചോദിച്ചു.

ALSO READ: റഫാലില്‍ ഒപ്പ് വെക്കുന്ന കാര്യം പത്തു ദിവസം മുമ്പ് എങ്ങനെ അമ്പാനി അറിഞ്ഞു; ഇമെയില്‍ പുറത്തുവിട്ട് രാഹുല്‍

കാര്യങ്ങള്‍ രാവിലെതന്നെ എംഎല്‍എയോടു പറഞ്ഞതാണല്ലോ എന്ന് സബ് കലക്ടര്‍ പറഞ്ഞപ്പോള്‍, തന്നെ എംഎല്‍എ എന്നു വിളിക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും മേലില്‍ അങ്ങനെ വിളിക്കരുതെന്നും പറഞ്ഞു. ചില വ്യക്തികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരോട് മടങ്ങി പോരാന്‍ സബ്കലക്ടര്‍ നിര്‍ദേശിച്ചു.

കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി പേരിലുള്ള ഒന്നാം നമ്പര്‍ സ്‌പെഷല്‍ ഗ്രാന്റ് തണ്ടപേരില്‍ മൂന്നാര്‍ വില്ലേജ് സര്‍വേ 61/16, 17 ല്‍പ്പെട്ട രണ്ട് ഏക്കര്‍ സ്ഥലം ആണ്. കമ്പനി ഭൂ നികുതിക്കു തുല്യമായ ലീസ് റെന്റ് നല്‍കുന്നുണ്ട്. 2000ത്തിനുശേഷം കമ്പനി മൂന്നാര്‍ ഗ്രാമപഞ്ചായത്തിനു പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്നതിന് ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കൈമാറി. 1971ലെ കെഡിഎച്ച് ആക്ട് പ്രാബല്യത്തില്‍വന്നശേഷം സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ പാടില്ല.

ഭൂമിയുടെ അധികാരം സര്‍ക്കാരിനാണ്. ലീസ് നല്‍കിയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു ശരിയല്ല. മൂന്നാറില്‍ നിര്‍മാണ പ്രവര്ത്തനങ്ങള്‍ നടത്താന്‍ റവന്യൂ, തദ്ദേശം, പൊലീസ്, വനം വകുപ്പുകളുടെ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ നിര്‍മാണം നടത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്”.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more