| Friday, 5th October 2018, 12:19 pm

മഴ കനക്കുന്നു; ഇടുക്കി അണകെട്ട് തുറക്കണമെന്ന് കെ.എസ്.ഇ.ബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ വീണ്ടും തുറക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി, ഇടുക്കി കലക്ടര്‍ കെ. ജീവന്‍ബാബുവിനു കത്തു നല്‍കി. ഇന്ന് ഉച്ചയ്ക്കു ശേഷമോ, നാളയോ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കുമെന്നാണു വിലയിരുത്തല്‍.

അതേസമയം, കോഴിക്കോട് കക്കയം അണക്കെട്ടും പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.


Read Also : കടല്‍ പ്രക്ഷുബ്ധമാകുമെന്നറിയാതെ നൂറോളം മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍


അതിതീവ്ര മഴയുടെ മുന്നറിയിപ്പ് എത്തിയതിനെ തുടര്‍ന്നു കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ്. കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാം തുറന്നു. ഡാമിന്റെ മൂന്നു ഷട്ടറുകളും ഇന്നു രാവിലെ ഒന്‍പതു മണിക്ക് 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഡാമില്‍ 380.98 അടിയായിരുന്നു ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. ഡാം തുറന്ന സാഹചര്യത്തില്‍, കല്ലടയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്കു ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആവശ്യമായ സമയങ്ങളില്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് തീരുമാനം. ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബിയും അണക്കെട്ടുകളിലേക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, അണക്കെട്ടിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ജലം നിയന്ത്രിക്കാനുള്ള രൂപരേഖ തയ്യാറാക്കും. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള എല്ലാ അണക്കെട്ടുകളും പരമാവധി സംഭരണ ശേഷിക്കടുത്തായതിനാല്‍ ഇവ മുന്‍കൂട്ടി തുറന്നുവിടാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മിഷനോട് ആവശ്യപ്പെടും.

തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഖലയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നല്‍കും.

Latest Stories

We use cookies to give you the best possible experience. Learn more