ഇടുക്കി: ലൗ ജിഹാദ് വഴി കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായി ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എസ്.എന്‍.ഡി.പിയുടെ നിഗൂഢ അജണ്ടയും ഉണ്ടെന്നും ബിഷപ്പ്. കാഞ്ഞിരപ്പള്ളി അതിരൂപതയുടെ പത്താമത് പാസ്റ്ററല്‍ യോഗത്തിലാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പ്രസ്താവന.
ക്രിസ്ത്യാനികള്‍ അല്ലാത്തവരുമുണ്ട് എന്നാലും പറയാനുള്ളത് പറയാതിരിക്കാനാവില്ല എന്ന് പറഞ്ഞു കൊണ്ടാണ് ബിഷപ്പ് സംസാരിക്കാന്‍ ആരംഭിച്ചത്.
14ാം വയസ് വരെ വേദപാഠം പഠിക്കുകയും 18 വയസ് വരെ വീട്ടുകാര്‍ വളര്‍ത്തുകയും ചെയ്ത മകള്‍ വിശ്വാസവും പ്രബോധനത്തെയും ഉപേക്ഷിച്ച് മുസ്‌ലിമിന്റെയോ, ഏതെങ്കിലും ഓട്ടോക്കാരന്റെയോ, എസ്.എന്‍.ഡി.പിക്കാരുടെയോ കൂടെ പോകുന്ന അവസ്ഥയുണ്ട്. ഇത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണ്.
സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതി ശരിയല്ല. ഇതിനെ എതിര്‍ക്കുമെന്നും ബിഷപ്പ് പറഞ്ഞു.
പല രൂപതകളിലും നൂറ് കല്യാണങ്ങള്‍ നടന്നാല്‍ അതില്‍ ആറെണ്ണം മിശ്രവിവാഹങ്ങളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5000 ജീവിതങ്ങള്‍ കോടതിയില്‍ വേര്‍പ്പെട്ടു. കേരളം യൂറോപ്പ് പോലെ ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. ലൗ ജിഹാദ്, എസ്എന്‍ഡിപിയുടെ നിഗൂഡ ലക്ഷ്യങ്ങള്‍ എന്നിവയില്‍പ്പെട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ സഭാ വിശ്വാസികള്‍ അല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇടുക്കി ബിഷപ്പ് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് മാത്യു ആനിക്കുഴിക്കാട്ടില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന തരത്തില്‍ പ്രസ്താവന ഇറക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ കൊച്ചിയില്‍ കത്തോലിക്ക കോണ്‍ഗ്രസില്‍ സംസാരിക്കവെ ലൗ ജിഹാദിലേക്ക് ക്രിസ്തീയ പെണ്‍കുട്ടികളും ഇരയാക്കപ്പെടുന്നുണ്ടെന്നും ക്രൈസ്തവ സമൂഹത്തെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.