| Saturday, 2nd April 2016, 8:05 am

വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹം: ഇടുക്കി ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനമാണ് വിവാഹമെന്ന് ഇടുക്കി ബീഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. പഠിച്ച് ജോലി വാങ്ങി പണവും പദവിയും സ്വരൂപിച്ച ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“വിവാഹദൈവവിളി വിലമതിക്കപ്പെടട്ടെ” എന്ന പേരില്‍ പുറപ്പെടുവിപ്പിച്ച ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. വിവാഹം വേണ്ടെന്നുവെച്ചു ജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ബിഷപ്പിന്റെ ഈ ഇടയലേഖനം.

വിവാഹം ഒരിക്കലും തുടര്‍ പഠനത്തിനു തടസമാകില്ല. സ്വത്തും ജോലിയും വിവാഹത്തോടെ ഇല്ലാതാകുന്നുമില്ല. ദൈവിക പദ്ധതിയുടെ ഭാഗമായി വിവാഹത്തെ കാണണമെന്നും ഇടയലേഖനം പറയുന്നു.

പുതിയ മാധ്യമസംസ്‌കാരം വിവാഹത്തെക്കുറിച്ച് മോശമായ കാഴ്ചപ്പാടാണ് യുവാക്കള്‍ക്കു നല്‍കുന്നത്. ജീവിതം കഴിയുന്നത്ര ആസ്വദിച്ചശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവൃത്തികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിവാഹം വേണ്ടെന്നു പറയുന്നവരെ വിവാഹം കഴിപ്പിക്കാന്‍ ദമ്പതിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം. വിവാഹിതര്‍ ഈ ബാധ്യത നിറവേറ്റേണ്ടതുണ്ട്. ഉത്തമരായ പത്തു ദമ്പതിമാരെങ്കിലും ഒരിടവകയില്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഈമാസം ഏതെങ്കിലും ഞായറാഴ്ച രൂപതയിലെ മുഴുവന്‍ പള്ളികളിലും വായിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്.

കത്തോലിക്കാ പെണ്‍കുട്ടികളെ ലൗ ജിഹാദ് വഴിയും എസ്.എന്‍.ഡി.പിയുടെ നിഗൂഢ അജണ്ട വഴിയും തട്ടിക്കൊണ്ടുപോകുന്നു എന്ന മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. മിശ്രവിവാഹം ക്രൈസ്തവ മതവിശ്വാസങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുവിവാദമായതോടെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more