പ്രളയത്തിന് ശേഷമുള്ള ഇടുക്കിയിലൂടെ താങ്കള്‍ യാത്ര ചെയ്യുകയും അവിടുത്തെ സ്ഥിതി വിശേഷങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിരുന്നല്ലോ, പ്രളയത്തിന് മുമ്പും ശേഷവുമുള്ള ഇടുക്കിയുടെ സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
പ്രളയം അതിന്റെ മൂന്ന് ഭാവങ്ങളിലാണ് ഇടുക്കിയെ ബാധിക്കുന്നത്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ മൂന്ന് ദുരന്തവും ഒരു പോലെ ബാധിച്ച ചുരുക്കം മേഖലകളിലൊന്നാണ് ഇടുക്കി. അത് കൊണ്ട് തന്നെ ഇടുക്കിയെ മറ്റ് പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കാണേണ്ടത്. പല രൂപത്തിലാണ് ഇടുക്കിയിലേക്ക് ആളുകള്‍ എത്തുന്നതും സ്ഥിരവാസികളായി മാറുന്നതും. വലിയ അളവോളം മനുഷ്യര്‍ പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളുടെ തീരത്തെ പുറമ്പോക്കുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. വനമേഖലകളുടെയും പട്ടണങ്ങളുടെയുമെല്ലാം പുറമ്പോക്കുകളില്‍ കഴിയേണ്ടി വന്നവര്‍ വേറെയും. ഭൂമിയുടെ ഉടമസ്ഥതയുള്ളവരുടെ ലയങ്ങളിലും അവരുടെ അനുമതിയോടുകൂടി തൊഴിലിടങ്ങളായിട്ടുള്ള കൃഷിഭൂമികളുടെ ഓരങ്ങളിലെ കുടിലുകളിലും താമസിക്കേണ്ടി വന്നവര്‍ വേറെയുമുണ്ട്. സാമൂഹികമായ യാതൊരു അധികാരത്തിലേക്കും ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത, ഈ രീതിയിലുള്ള കുടിയേറ്റത്തിന്റെ പുറം സമൂഹങ്ങള്‍ എന്ന് വിളിക്കാവുന്ന ഒരു വലിയ തൊഴില്‍സമൂഹം പ്രളയത്തിന് ശേഷം അപ്രത്യക്ഷരായിപ്പോയി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പച്ചടി, നെടുങ്കണ്ടം, പൂപ്പാറ, ശാന്തന്‍പാറ, തുടങ്ങിയ പ്രദേശങ്ങളിലെ വന്‍കിട ഏലത്തോട്ടങ്ങളില്‍ നാടോടികളെപ്പോലെ വന്ന് പണിയെടുക്കുന്ന ഭൂരഹിതരായ നിരവധി തൊഴിലാളികളുണ്ടയിരുന്നു. ഈ മനുഷ്യരൊക്കെ എങ്ങോട്ടുപോയി എന്നു പോലും ആര്‍ക്കുമറിയില്ല. അവരെക്കുറിച്ചുള്ള രേഖകള്‍ നമുക്ക് ലഭ്യമല്ല. നിലവില്‍ അവര്‍ക്ക് ഭൂമിയോ, കൈവശാവകാശരേഖകളോ എന്നിങ്ങനെ യാതൊന്നുമില്ല. പ്രളയം കവര്‍ന്നുകൊണ്ടുപോയ ഇത്തരം മനുഷ്യരെക്കുറിച്ചുള്ള യാതൊരു കണക്കും നമ്മുടെ കയ്യിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അശാസ്ത്രീയവും നീതിരഹിതവുമായ ഭൂവിതരണ രീതികള്‍ കാരണം നദികളുടെ പുറമ്പോക്കുകള്‍ കയ്യേറി ജീവിതം കെട്ടിപ്പടുക്കാന്‍ വിധിക്കപ്പെട്ട, ചെറിയ തുണ്ടുഭൂമികളുടെ അധിപരായി കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഇരച്ചുകയിറിവന്ന വെള്ളം അവരുടെ സര്‍വ്വവും കവര്‍ന്നെടുത്തുകൊണ്ടാണ് കുത്തിയൊലിച്ചുപോയത്. സര്‍ക്കാര്‍ രേഖകകളില്‍ അനധികൃത കയ്യേറ്റക്കാരായി താമസിക്കുന്ന ഇവര്‍ക്ക് നഷ്ടപരിഹാരത്തിനായി ആരെ സമീപിക്കാന്‍ കഴിയും? ഇവര്‍ക്കൊരിടത്ത് നിന്നും നഷ്ടപരിഹാരം ലഭിക്കില്ല എന്ന് മാത്രമല്ല, അധികാരികളുടെ മുന്നില്‍ ഇവര്‍ കുറ്റക്കാരുമാണ്. ഈ രീതിയിലുള്ള ആയിരക്കണക്കിന് പ്രളയബാധിതരെ സൃഷ്ടിച്ചത് ഇടുക്കിയില്‍ കാലങ്ങളായി നിലനില്‍ക്കുന്നതും അടിസ്ഥാന ജനത നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതുമായ ഭൂരാഹിത്യം എന്ന ദുരിതമാണ്.
ഇടുക്കിയിലെ കര്‍ഷകരെയും തൊഴിലാളികളെയും എങ്ങിനെയൊക്കെയാണ് പ്രളയം ബാധിച്ചത്?
ഏകദേശം 15 ഓളം ചെറുതും വലുതുമായ അണക്കെട്ടുകള്‍ ഇടുക്കിയിലുണ്ട്. ഇടുക്കി, കുളമാവ്, മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ വലിയ പവര്‍ പ്രോജക്റ്റുകളുമുണ്ട്. ഈ പദ്ധതികളുടെ ഭാഗമായി തൊഴിലാളികളായി വരികയും അവിടെ ജീവിക്കുകയും പിന്നീട് അവിടെ സ്ഥിരതാമസക്കാരാവുകയും ചെയ്ത തൊഴിലാളി കുടുംബങ്ങള്‍ അനേകമുണ്ട്. ഭൂമി സ്വന്തമാക്കാന്‍ കഴിയാതെ പത്ത് സെന്റ് അഞ്ച് സെന്റ് കോളനികളിലൊക്കെ ജീവിക്കുന്നവരാണ്. ഇവരുടെ ആവാസമേഖലളെയെല്ലാം പ്രളയം കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട് അവിടെ എത്തിയവരുണ്ട്. വന്‍കിട കൃഷി വളരെ ചെറിയ വിഭാഗം മാത്രമാണ് നടത്തുന്നത്. ബാക്കി കര്‍ഷകര്‍ ചെറുകിട കര്‍ഷകരാണ്. പരിമിതമായ ഭൂമി മാത്രമാണ് അവര്‍ക്കുള്ളത്. ഇടത്തരം ജീവിത പരിസരങ്ങളില്‍ കഴിയുന്ന ഇവര്‍ മണ്ണിനെ ആശ്രയിച്ച് മാത്രമാണ് മുന്നോട്ടുപോകുന്നത്. അവര്‍ക്ക് മേല്‍ വലിയ ആഘാതമാണ് പ്രളയം സൃഷ്ടിച്ചത്.
ഭൂരാഹിത്യമാണ് ഇടുക്കിയില്‍ കൂടുതല്‍ പ്രളയബാധിതരെ സൃഷ്ടിച്ചത് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ, എന്താണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ ചരിത്രം?
മൂന്ന് നാല് സ്വഭാവത്തിലാണ് ഇടുക്കിയിലെ ഭുവുടമസ്ഥതയും ഭൂരാഹിത്യം നിലനില്‍ക്കുന്നത്. വന്‍കിട ഭൂമി കൈവശം വച്ചിരിക്കുന്നവര്‍, കുടിയേറ്റക്കാരായ കര്‍ഷകര്‍ എന്നിവര്‍ മാത്രമേ ഭൂവുടമകളായി ഉള്ളൂ. ബാക്കി 90 ശതമാനം വരുന്നവരും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും റോഡ, തോട്, പാറ തുടങ്ങിയ ആവാസവ്യവസ്ഥകളിലും പുറമ്പോക്കുകളിലും കോളനികളിലും ലയങ്ങളിലുമൊക്കെയായി താമസിക്കുന്നവരുമാണ്. അതുമല്ലെങ്കില്‍ വലിയ ഏസ്റ്റേറ്റുകളിലെ ലയങ്ങളില്‍ താമസിക്കുന്നവരാണ്. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭൂരഹിത സമൂഹമാണ്. ഇടുക്കിയിലെ പല പ്രദേശങ്ങളില്‍ തദ്ദേശീയര്‍ എന്ന് വിളിക്കാവുന്ന ഗോത്ര വിഭാഗക്കാരാണ് ദീര്‍ഘകാല ഭൂമിയുടെ അവകാശികള്‍ എന്ന നിലയില്‍ അവിടെ ഉണ്ടായിരുന്നത്. 1920 ല്‍ മലങ്കര പ്ലാന്റേഷന്റെ രൂപീകരണം നടക്കുന്നതും കോട്ടയം കേന്ദ്രീകരിച്ചുള്ള മിഷനറിയും ബ്രിട്ടീഷ് കോളനിയും മൂന്നാറിലേക്കും അത് പോലെ കണ്ണന്‍ ദേവന്‍ മലനിരകളിലും ചെന്ന് പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാന്റേഷന്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് ഇടുക്കിയുടെ ഭൂസാഹചര്യങ്ങള്‍ മാറി മറിയുന്നത്. ഈ രണ്ട് പ്ലാന്റേഷനുകളിലും മുമ്പ് ഏലവും കുരുമുളകും ജാതി പോലുള്ള മറ്റ് മലഞ്ചരക്കുകളും ഗോത്ര വിഭാക്കാര്‍ നട്ട് വളര്‍ത്തിയിരുന്നു. അത് വില്‍ക്കുന്നത് ഈഴവരുള്‍പ്പടെയുള്ള മറ്റ് വിഭാഗക്കാരായിരുന്നു. ആ സ്ഥലത്തേക്കണ് കാപ്പി, റബ്ബര്‍, തേയ്യില പോലുള്ള പ്ലാന്റേഷന്‍ വരുന്നത്. 50കള്‍ക്ക് ശേഷമാണ കാര്‍ഷിക സംസ്‌കാരം വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വലിയ ഭക്ഷ്യക്ഷാമമുണ്ടായതിനെത്തുര്‍ന്നാണ് ഗ്രോ മോര്‍ ഫുഡ് എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അതിന്റം ഭാഗമായി നിരവധി മലയാളികളെ സര്‍ക്കാര്‍ സമ്പത്തും സ്ഥലവും നല്‍കി ഇവിടേക്ക് കുടിയിരുത്തുകയും ചെയ്തു. ഊടുമ്പന്നൂര്‍, കഞ്ഞിക്കുഴി കീരിത്തോട്, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്കൊക്കെയാണ് കാര്യമായ കുടിയേറ്റങ്ങള്‍ അക്കാലത്ത് നടന്നത്. ഇതിന് ശേഷമാണ് കുടിയേറ്റ കര്‍ഷകര്‍ എന്ന സമൂഹം വലിയ ഭൂമിയുടെ അവകാശം നേടുന്നത്. ഇതിന്റെ തുടര്‍ച്ചയായി തിരുവിതാംകൂറില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെ ഇവിടേക്ക് തൊഴില്‍ സമൂഹങ്ങള്‍ വരാന്‍ തുടങ്ങി. അടിമ സ്വഭാവമുള്ള തോട്ടം തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍ അങ്ങനെ വിവിധ തൊഴില്‍ സമൂഹങ്ങളായി ഇവിടേക്ക് ആളുകള്‍ എത്തി.
80 കള്‍ ആകുമ്പോഴേക്കും ജില്ലയില്‍ ഭൂരിപക്ഷ പ്രദേശത്തും കര്‍ഷകരും തൊഴിലാളികളും വ്യാപകമായി എത്തിച്ചേരുന്നതായി കാണാം. ആദിവാസി മേഖലയില്‍ ഭൂമിയില്‍ കാര്യമായ നഷ്ടം സംഭവിക്കുന്നതും അവര്‍ കൂടുതല്‍ വനാന്തര മേഖലയിലേക്ക് പോവുകയോ കോളനികളിലേക്ക് മാറുകയോ ചെയ്യുന്നുത് ഇക്കാലത്താണ്. 99 ശതമാനം തൊഴിലാളികള്‍ പുറമ്പോക്കുകളില്‍ സെറ്റില്‍ ചെയ്യുകയും ചെയ്തു. പ്രാന്ത പ്രദേശങ്ങളിലെ രണ്ട സെന്‍റിലും മറ്റും താമസിച്ചവര്‍ക്ക് സ്‌പെഷ്യല്‍ പാക്കേജ് വഴി 5 സെന്റ് , പത്ത് സെന്റ് ഭൂമികള്‍ നല്‍കുകയും അവര്‍ അവിടെ കോളനികളായി താമസിക്കുകയും ചെയ്യുന്നത് കാണാം. തേയ്യില പ്ലാന്റേഷനുളിലെ തൊഴിലാളികള്‍, ഡാമുകളുടെ ജോലി ചെയ്യുന്നവര്‍ എന്നിവരെല്ലാം അവരുടെ പുറംപോക്കുകളില്‍ സെറ്റില്‍ ചെയ്യുകയായിരുന്നു. ഏതാണ്ട് നൂറ് വര്‍ഷത്തോളം ഒരു തലമുറ ഭൂമിയൊന്നും ഇല്ലാതെ കടന്നു പോവുന്നതാണ് താം കണ്ടത്. നേരിട്ടുള്ള ഭൂമി കയ്യേറ്റത്തിന് പകരം വ്യത്യസ്തങ്ങളായ രീതിയിലുള്ള ഭൂ ക്രയ വിക്രയങ്ങളാണ് പിന്നീട് നാം കാണുന്നത്. ടൂറിസം പോലുള്ള പദ്ധതികളും ഇക്കാലത്താണ് ഇടുക്കിയിലേക്ക് കടന്നുവന്നത്. ഭൂരാഹിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുന്നയിച്ച് നിരവധി സമരങ്ങള്‍ അക്കാലങ്ങളില്‍ ഇടുക്കിയില്‍ നടന്നുവന്നിരുന്നു. ചവിട്ടി നില്‍ക്കാന്‍ അരയടി മണ്ണും മരിച്ചടക്കാന്‍ ആറടി മണ്ണും ഇല്ലാത്ത മനുഷ്യരുടെ ശ്രമം എന്ന നിലയില്‍ കല്ലറ സുകുമാരന്‍ എന്ന നേതാവിന്റെ നേതൃത്വത്തിലും നെടുങ്കണ്ടം തങ്കപ്പന്‍ എന്ന നേതാവിന്റെ മുന്‍കൈയ്യിലും ചെറുതോണി മുതല്‍ പൈനാവ് വരെ നിരവധി പ്രക്ഷോഭങ്ങള്‍ അന്ന് നടന്നു. കുമളി, കഞ്ഞിക്കുഴി, മക്കുവള്ളി എന്നിവിടങ്ങളിലും ഭൂരഹിതരായ തൊഴിലാളികളുടെ മുന്‍കൈയ്യില്‍ വലിയ സമരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈഴവര്‍ക്കൊ ക്രൈസ്തവര്‍ക്കൊ അത്തരത്തില്‍ സമരം നടത്തേണ്ടി വന്നില്ല. അവര്‍ക്ക് പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ ചെറുതും വലുതുമായ ചില നിര്‍ണ്ണായക സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു എന്നതാണ് അതിന്റെ കാരണം. അര്‍ക്ക് 1956 മുതല്‍ ഒരു സമൂഹം എന്ന നിലയില്‍ പിന്തുണ കൊടുത്തു എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. അത് കൊണ്ട തന്നെ പട്ടയത്തിന് വേണ്ടി അവര്‍ക്ക് സമരം ചെയ്യേണ്ടി വന്നില്ല. പക്ഷേ ദളിത് – ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ഒരു വലിയ വിഭാഗം ഇടുക്കിയില്‍ ഇപ്പോഴും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിലാണ്.
പാരിസ്ഥിതികമായ തകര്‍ച്ചകളെക്കുറിച്ച്?
90കളോടെ സംഭവിച്ച പുതിയ മാറിയ ജീവിത രീതിയാണ് ഇടുക്കിയെ പാരിസ്ഥികമായി തകര്‍ത്തതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇടുക്കി ഡാമില്‍ നിന്ന നമ്മള്‍ തമിഴ്‌നാട്ടിലേക്ക് നോക്കുമ്പോള്‍ അതിന്റെ വലത് വശത്ത് കാണുന്ന വാഴവര, കട്ടപ്പന മുതല്‍ നെടുങ്കണ്ടം വരെയുള്ള ഭാഗത്തെയും ഇടതുവശത്തുള്ള വാഴത്തോപ്പ് കഞ്ഞിക്കുഴി മൂന്നാര്‍ നേരിയമഗലം വരെയുള്ള പ്രേദേശത്തെയും രണ്ടായിട്ട് വിഭജിച്ച് നേരെ തമിഴ്‌നാട്ടിലേക്ക് അതിര്‍ത്തി വരച്ചാല്‍ കമ്പം വരെ ചെന്ന് നിക്കുന്ന നേര്‍രേഖയായിരിക്കും. ഇതിന്റെ ഇടത് വശമാണ് ഏറ്റവും കൂടുതല്‍ പ്രളയം ബാധിച്ചത്. വലത് വശത്തെ ബാധിച്ചില്ല എന്നും കാണേണ്ടതുണ്ട്. ഇത് എന്ത് കൊണ്ടാണെന്ന് നമ്മള്‍ ആലോചിക്കണം. വലത് വശത്തെ റോഡുകള്‍ 80 കളില്‍ മനുഷ്യ നിര്‍മ്മിതമായവയാണ്. അതായത് മണ്‍വെട്ടി കൊണ്ട് മനുഷ്യര്‍ തന്നെ തീര്‍ത്ത റോഡുകളാണവ. അവിടെ പ്രളയം ബാധിച്ചിരുന്നില്ലെന്ന് നമുക്ക് കാണാം. അതേ സമയം ഇടത് വശത്ത് മൂന്നാര്‍ ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രമായി വളരുകയും അശാസ്ത്രീയമായി റോഡു നിര്‍മ്മാണങ്ങള്‍ നടക്കുകയും ചെയ്തതായി കാണാം. പ്രളയത്തിന് ശേഷം നോക്കുമ്പോള്‍ കട്ടപ്പനയില്‍ മൂന്ന് നില കെട്ടിടം പരിപൂര്‍ണ്ണമായി മണ്ണിനടിയില്‍ പോകുന്നത് മണ്ണിടിച്ചില്‍ മൂലമാണ്. ഇവ തമ്മില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ 80 കള്‍ വരെ കാര്‍ഷിക മേഖലയില്‍ ഊന്നി പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രദേശം പെട്ടെന്ന് കൂടുതല്‍ ലാഭേച്ഛയോടെ മറ്റ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയത് പ്രകൃതിക്കിണങ്ങിയില്ല എന്ന രീതിയില്‍ മനസ്സിലാക്കാന്‍ കഴിയും.