| Tuesday, 28th April 2020, 11:16 am

ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; രോഗം ബാധിച്ചത് ആരോഗ്യപ്രവര്‍ത്തകയ്ക്കും പൊതുപ്രവര്‍ത്തകനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

രാത്രി വൈകിയാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. ഇന്ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും തൊടുപുഴ സ്വദേശികളാണ്.

ഒരാള്‍ തൊടുപുഴയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മറ്റൊരാള്‍ പ്രാദേശിക പൊതുപ്രവര്‍ത്തകനും മറ്റൊരാള്‍ മരിയാപുരം സ്വദേശിയുമാണ്. റാപ്പിഡ് പരിശോധനയുടെ ഭാഗമായിട്ടാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്കെത്തിയിട്ടുണ്ട്. അതുപോലെ പൊതുപ്രവര്‍ത്തകനും ഇന്നലെ വരെ പ്രവര്‍ത്തന രംഗത്തുണ്ട്. ധാരാളം ആളുകളുമായി ഇവര്‍ ഇടപെട്ടിട്ടുണ്ട്.

അതിനാല്‍ തന്നെ കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ വെക്കേണ്ട സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം. കൂടുതല്‍ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഇടുക്കിയില്‍ ജില്ലാ തല യോഗം നടക്കുകയാണ്. പരമാവധി വേഗം റിസള്‍ട്ട് ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയിലേക്ക് വരുന്ന എല്ലാ ഊടുവഴികളും സീല്‍ ചെയ്തിട്ടുണ്ടെന്നും അങ്ങനെ വരുന്നവരെ പിടിക്കുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും ഒറ്റയടിക്കാണ് റെഡ് സോണ്‍ ആയി മാറിയത്. രണ്ട് ദിവസമായി രോഗികളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഇരു ജില്ലകളും റെഡ് സോണാക്കി മാറ്റിയത്.

കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കുമാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആറുപേര്‍ക്കും കോട്ടയത്ത് അഞ്ചുപേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 123 പേര്‍ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേര്‍ വീടുകളിലാണ്. 489 പേര്‍ ആശുപത്രികളിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more